ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങി; യുവതിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: മൂന്നു പേര്‍ അറസ്റ്റില്‍

35കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

Update: 2026-01-12 01:16 GMT

ബെംഗളൂരു: ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹൂബ്ലിയിലാണ് 35കാരി പീഡനത്തിന് ഇരയായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലിസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുക ആയിരുന്നു.

2026 ജനുവരി ഒന്‍പതിനാണ് യുവതി പീഡനത്തിനു ഇരയായത്. രാത്രി 12 മണിയോടു അടുപ്പിച്ച് യുവതിയെ ഹൂബ്ലിയിലെ അംബേദ്കര്‍ ഗ്രൗണ്ടില്‍നിന്നു രണ്ടു പേര്‍ ബലം പ്രയോഗിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡനത്തിനു ഇരയാക്കുക ആയിരുന്നു. നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങള്‍ മറ്റൊരാളാണ് ക്യാമറയില്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതും.

തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് യുവതിയെ ഓട്ടോയില്‍ കയറ്റി കൊണ്ടു പോയ സ്ഥലത്ത് എത്തിച്ചു ഉപേക്ഷിച്ചു. പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് പൊലീസ് സംഭവത്തെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡനത്തിനു ഇരയായ യുവതിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ശിവാനന്ദ്, ഗണേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനു പ്രദീപ് എന്നയാളും പിടിയിലായി. മൂവരും തൊഴിലാളികളാണ്.

ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍നിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ ഒന്നരമാസമായി നഗരത്തില്‍ അലയുകയായിരുന്നു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു താമസം.

Tags:    

Similar News