സഹിക്കാൻ കഴിയാത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി; പിന്നാലെ 45കാരിയുടെ കൈ മുറിച്ചുമാറ്റി; കാരണം അറിഞ്ഞ് കരഞ്ഞ് കുടുംബം
ചണ്ഡിഗഡ്: തലവേദന, ഛർദ്ദി, വയറുവേദന എന്നീ അസുഖങ്ങളെ തുടർന്ന് ചണ്ഡിഗഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 45കാരിക്ക് ചികിത്സാ പിഴവ് മൂലം ഇടത് കൈ നഷ്ടപ്പെട്ടു. മരുന്ന് നൽകുന്നതിനായി കാനുല ഘടിപ്പിച്ചതിലുണ്ടായ അനാസ്ഥയാണ് ഗാംഗ്രീൻ രോഗബാധയ്ക്കും തുടർന്നുള്ള കൈ മുറിച്ചു മാറ്റലിനും കാരണമായതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ, ഗുർമീത് കൗർ എന്ന യുവതിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.
2020 നവംബറിലാണ് മൊഹാലി സ്വദേശിനിയായ ഗുർമീത് കൗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടത് കൈയിൽ ഘടിപ്പിച്ച കാനുല വഴി മരുന്ന് നൽകി വരികയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ വയറുവേദനയ്ക്ക് ശമനമുണ്ടായെങ്കിലും, ഇടത് കൈയിൽ അമിതമായ വീക്കവും വേദനയും അനുഭവപ്പെട്ടു. ഇത് സാധാരണമാണെന്നും കുറച്ചു ദിവസങ്ങൾക്കുള്ളിൽ ശമിക്കുമെന്നും ഡോക്ടർമാർ യുവതിയെ അറിയിച്ചു. എന്നാൽ, രാത്രിയോടെ വേദന വർധിക്കുകയും കൈയുടെ നിറം നീലയായി മാറുകയും തളർച്ച അനുഭവപ്പെടുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ഗാംഗ്രീൻ ബാധിച്ചതിനാൽ കൈ മുറിച്ചുമാറ്റുന്നത് ഒഴിവാക്കാനാവില്ലെന്നും ഡോക്ടർമാർ അറിയിച്ചതായാണ് യുവതിയുടെ ആരോപണം.
എന്നാൽ, ആശുപത്രി അധികൃതർ ഈ ആരോപണങ്ങൾ നിഷേധിച്ചു. പരാതി ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ശ്രമമാണെന്നും ചികിത്സാ പിഴവില്ലെന്നും അവർ വാദിച്ചു. എന്നാൽ, ശസ്ത്രക്രിയ പൂർത്തിയാക്കാതെ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പുതിയ ആശുപത്രിയിലെ ഡോക്ടർമാർ യുവതിയുടെ നഖങ്ങൾ നീക്കം ചെയ്യുകയും നാല് വിരലുകൾ മുറിച്ചുമാറ്റുകയും ചെയ്തതായി പരാതിയുണ്ട്.