ഭർത്താവിന്‍റെ കൊലപാതകക്കേസിലെ മുഖ്യസാക്ഷി; ഡൽഹിയിൽ 44കാരിയെ വെടിവെച്ച് കൊന്നു; ബൈക്കിലെത്തിയ അക്രമികൾ രക്ഷപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയിലെ ഷാലിമാർ ബാഗിൽ 44കാരി വെടിയേറ്റ് മരിച്ചു. വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് രചന യാദവ് കൊല്ലപ്പെട്ടത്. 2023-ൽ ഭർത്താവ് ഭരത് യാദവിനെ വെടിവെച്ചുകൊന്ന അതേ സംഘമാണ് രചനയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഭർത്താവിന്‍റെ കൊലപാതകക്കേസിലെ മുഖ്യസാക്ഷിയായിരുന്നു രചന.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, സാക്ഷിമൊഴി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കരുതുന്നു. വെടിയേറ്റയുടൻ തന്നെ രചന മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഡൽഹി രജിസ്‌ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിയുതിർത്ത ശേഷം അതിവേഗം കടന്നുകളയുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
രചനയുടെ ഭർത്താവ് ഭരത് യാദവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. മുൻ വൈരാഗ്യമാണ് ആ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. നിലവിൽ, രചനയുടെ കൊലപാതകത്തിനും ഈ കേസിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.