ഇനി വാരാണസിയിൽ മുഖം മറച്ചെത്തുന്നവർ ജാഗ്രതൈ!! കടകളിൽ കയറുന്നവർ ഉറപ്പായും നിർദ്ദേശങ്ങൾ പാലിക്കണം; കർശന തീരുമാനവുമായി അധികൃതർ
വാരണാസി: മോഷണങ്ങളും സാമ്പത്തിക തട്ടിപ്പുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെയും ബിഹാറിലെയും സ്വർണക്കടകളിൽ മുഖം മറച്ചെത്തുന്ന ഉപഭോക്താക്കൾക്ക് പ്രവേശനം നിഷേധിക്കാൻ തീരുമാനം. ബുർഖ, ഹിജാബ്, മാസ്ക്, ഹെൽമറ്റ് എന്നിവ ധരിച്ച് വരുന്നവർക്ക് കടകളിൽ പ്രവേശനമില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് ജ്വല്ലേഴ്സ് അസോസിയേഷൻ (യുപിജെഎ) വ്യാപകമായി പോസ്റ്ററുകൾ പതിപ്പിച്ചു കഴിഞ്ഞു. മോഷണങ്ങളും കവർച്ചകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോൾഡ് ഫെഡറേഷൻ നൽകിയ നിർദ്ദേശപ്രകാരം ബിഹാറിലെ സ്വർണക്കടകളിലും സമാനമായ നിയന്ത്രണങ്ങൾ ജനുവരി എട്ട് മുതൽ സംസ്ഥാനവ്യാപകമായി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, മുഖം മറച്ചെത്തുന്നവർ കുറ്റകൃത്യം ചെയ്താൽ അവരെ തിരിച്ചറിയാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുപിജെഎ ഈ കർശന നിലപാട് സ്വീകരിച്ചത്. വിവിധ ജില്ലകളിൽ മോഷണങ്ങളും സാമ്പത്തിക തട്ടിപ്പുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് യുപിജെഎ ജില്ലാ പ്രസിഡന്റ് കമൽ സിംഗ് പറഞ്ഞു. കടയ്ക്കുള്ളിൽ പ്രവേശിക്കുമ്പോൾ മുഖം വെളിപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.
ഈ നടപടി ഒരു മതത്തിനും എതിരല്ലെന്ന് യുപിജെഎ സംസ്ഥാന പ്രസിഡന്റ് സത്യനാരായണ സേഠ് വ്യക്തമാക്കി. മുസ്ലീം സ്ത്രീകൾക്ക് ബുർഖ ധരിച്ച് വരാമെങ്കിലും, കടയ്ക്കുള്ളിൽ തിരിച്ചറിയൽ ഉറപ്പാക്കാൻ അത് മാറ്റേണ്ടി വരുമെന്നും വാരണാസിയിലെ ആയിരക്കണക്കിന് കടകൾ സമാനമായ പ്രശ്നം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ ബുർഖ ധരിച്ചെത്തിയവർ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഏതൊരു വ്യാപാരിക്കും അവകാശമുണ്ടെന്ന സർക്കാർ അഭിഭാഷകൻ റാണ സഞ്ജീവ് സിംഗിന്റെ പ്രസ്താവന ഈ നീക്കത്തിന് പിന്തുണ നൽകുന്നു. ഝാൻസി ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ലൊഹ്ത മേഖലയിലെ ജ്വല്ലറി ഉടമയായ ഷാഹിദ് ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തെ എതിർത്തു. ബുർഖ മാറ്റാൻ ആവശ്യപ്പെടുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടകളിൽ വനിതാ ജീവനക്കാരെ നിയമിച്ച് തിരിച്ചറിയൽ പരിശോധന നടത്തുകയാണ് ഉചിതമായ പരിഹാരമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.
