സഹപാഠികളുമായി തര്‍ക്കം: മാതാപിതാക്കളുടെ ശകാരം ഭയന്ന് പതിമൂന്നുകാരന് ആത്മഹത്യ ചെയ്തു
By : സ്വന്തം ലേഖകൻ
Update: 2026-03-02 12:25 GMT
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ മാതാപിതാക്കളുടെ ശകാരം ഭയന്ന് പതിമൂന്നുകാരന് ആത്മഹത്യ ചെയ്തു. മുംബൈക്ക് സമീപമുള്ള മുളുന്ദ് സ്കൂളിലെ വിദ്യാര്‍ഥിയായ രുദ്ര രാകേഷ് സിങ്ങിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വാഗ്ലെ എസ്റ്റേറ്റിലാണ് സംഭവം. സ്കൂളില്‍ നടന്ന തര്‍ക്കം പിതാവറിഞ്ഞാല്‍ ശകാരിക്കുമെന്ന ഭയത്താലാണ് കുട്ടി ആത്മഹത്യ ചെയ്തത്. സ്കൂളിലെത്തിയ മാതാവ് തര്‍ക്കത്തിന്റെ പേരില്‍ കുട്ടിയെ ശകാരിക്കുകയും പിതാവിനെ അറിയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.