തമിഴ്‌നാട്ടില്‍ എസ്ഡിപിഐക്ക് സീറ്റ് നല്‍കി; പക്ഷെ ഡിഎംകെയുടെ ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ഉപാധി

Update: 2026-03-25 17:35 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഡിഎംകെ സഖ്യത്തിനൊപ്പം മത്സരിക്കും. എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍കി. എന്നാല്‍, ഡിഎംകെ ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ഉപാധി. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന സഖ്യത്തിലാണ് എസ്ഡിപിഐക്കും സീറ്റ് നല്‍കിയത്. മൂന്ന് സീറ്റ് ആണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ മുന്നണിയില്‍ ആയിരുന്നു എസ്ഡിപിഐ. എന്നാല്‍, എഐഎഡിഎംകെ എന്‍ഡിഎയിലേക്ക് മടങ്ങിയതോടെ ഡിഎംകെക്ക് പിന്തുണ അറിയിച്ചു. മുന്നണിയില്‍ മുസ്ലിം ലീ?ഗിനും രണ്ട് സീറ്റ് നല്‍കിയിരുന്നു.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് ഡിഎംകെയുമായുള്ള തര്‍ക്കത്തില്‍ സിപിഎമ്മും വിട്ടുവീഴ്ച ചെയ്തിരുന്നു. ഡിഎംകെ സഖ്യത്തില്‍ ആറ് സീറ്റുകള്‍ വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് സി പി എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ച് സീറ്റുകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കില്‍ അത് ഉപാധികളോടെ അംഗീകരിച്ചേക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി നല്‍കുന്ന സൂചന.

അഞ്ച് സീറ്റേ ഉള്ളുവെങ്കില്‍, നിലവില്‍ തീരുമാനിച്ചിട്ടുള്ള നാല് സീറ്റിന് പുറമേയുള്ള മണ്ഡലം ചെന്നൈ നഗരപരിധിയിലായിരിക്കണം എന്ന ഉപാധിയാകും സി പി എം മുന്നോട്ടുവെക്കുക എന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സി പി എം നേതൃത്വം ഉടന്‍ തന്നെ വീണ്ടും കൂടിക്കാഴ്ച നടത്തും. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയില്‍ ശുഭ പ്രതീക്ഷയുണ്ടെന്നാണ് സി പി എം നേതാക്കളുടെ പ്രതികരണം.

Similar News