ഗ്യാസ് പൈപ്പ് ലൈന്‍ ഉണ്ടെങ്കില്‍ പിഎന്‍ജി കണക്ഷന്‍ എടുക്കണം; അതല്ലെങ്കില്‍ എല്‍പിജി കണക്ഷന്‍ റദ്ദാക്കും; യുദ്ധ പശ്ചാത്തലത്തില്‍ കര്‍ശന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ഗ്യാസ് പൈപ്പ് ലൈന്‍ ഉണ്ടെങ്കില്‍ പിഎന്‍ജി കണക്ഷന്‍ എടുക്കണം;

Update: 2026-03-25 12:39 GMT

ന്യൂഡല്‍ഹി: പൈപ്പ് ലൈന്‍ സൗകര്യമുള്ള പ്രദേശങ്ങളിലെ വീടുകള്‍ക്ക് പൈപ്പിലൂടെയുള്ള പാചകവാതകം (പിഎന്‍ജി) നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. പൈപ്പ് ലൈന്‍ സൗകര്യമുള്ളവര്‍ പിഎന്‍ജി കണക്ഷനിലേക്ക് മാറാത്ത പക്ഷം അവരുടെ എല്‍പിജി കണക്ഷന്‍ റദ്ദാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

പിഎന്‍ജി വിതരണം വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ ഉത്തരവ്, പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് ഹൗസിംഗ് സൊസൈറ്റികള്‍ക്കോ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കോ ഇനി തടസ്സം നില്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടും.

നിലവിലെ യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ എല്‍പിജി ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത് എന്നതിനാല്‍ ഈ നീക്കം നിര്‍ണായകമാണ്. യുദ്ധം നീണ്ടുപോയാല്‍ ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രകൃതിവാതകത്തിലേക്ക് മാറാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പുതിയ സാഹചര്യത്തില്‍ ഇതുവരെ 2.25 ലക്ഷം പേര്‍ പുതുതായി പിഎന്‍ജി കണക്ഷന്‍ എടുത്തിട്ടുണ്ട്. എല്‍പിജി ഉല്‍പ്പാദനം പൂര്‍ണ്ണതോതില്‍ നടക്കുന്നുണ്ടെന്നും, ഇതുസംബന്ധിച്ച വ്യാജപ്രചാരണങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് ഇനി 10 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ മാത്രമേ ബാക്കിയുള്ളൂ എന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ആവശ്യത്തിന് ഇന്ധനം സംഭരിച്ചിട്ടുണ്ടെന്നും പെട്രോള്‍ പമ്പുകളില്‍ അനാവശ്യ തിരക്ക് കൂട്ടേണ്ടതില്ലെന്നും പെട്രോളിയം സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യ റഷ്യയില്‍ നിന്ന് 6 കോടി ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News