ധുരന്ധര്‍ സിനിമയുടെ പ്രദര്‍ശനത്തിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ മര്‍ദ്ദിച്ച് യുവതിയുടെ കുടുംബം

Update: 2026-03-24 10:56 GMT

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ധുരന്ധര്‍ സിനിമയുടെ പ്രദര്‍ശനത്തിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ യുവതിയെയാണ് തിയറ്ററിനുള്ളില്‍ വെച്ച് യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചത്. കാണ്‍പുരിലെ ഒരു പ്രമുഖ തിയറ്ററിലാണ് സംഭവം. യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന പ്രതി ഇരുട്ടിന്റെ മറവില്‍ യുവതിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ യുവതി ബഹളം വെക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. യുവതിയുടെ വീട്ടുകാര്‍ ഇയാളെ മര്‍ദിക്കുകയും ചെയ്തു.

സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ഉടനെ യുവതിയുടെ പിതാവ് പ്രതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇത് പിന്നീട് വലിയ മര്‍ദനത്തില്‍ കലാശിച്ചതോടെ കാര്യങ്ങള്‍ ഗുരുതരമായി. പിതാവിനോടൊപ്പം കുടുംബാംഗങ്ങളും കണ്ടുനിന്നവരും ചേര്‍ന്ന് പ്രതിയെ മര്‍ദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുത്തു. നിലവില്‍ പ്രതി പൊലീസ് കാവലിലാണ്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar News