വിടുതലൈ സിരുത്തൈകള്‍ കക്ഷി എട്ട് സീറ്റുകളില്‍ മത്സരിക്കും; കമല്‍ഹാസന്റെ പാര്‍ട്ടിക്ക് 'ചിഹ്ന' പോര്
ചെന്നൈ: തമിഴ്നാട്ടില്‍ ഡി.എം.കെ. നേതൃത്വം നല്‍കുന്ന ഇന്‍ഡ്യ സഖ്യത്തില്‍ നിര്‍ണ്ണായകമായ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ദളിത് രാഷ്ട്രീയ സ്വാധീനമുള്ള വിടുതലൈ സിരുത്തൈകള്‍ കക്ഷി (VCK) എട്ട് സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായതോടെ സഖ്യത്തിലെ പ്രധാന കടമ്പകളിലൊന്ന് കടന്നിരിക്കുകയാണ്. എങ്കിലും പുതുച്ചേരിയിലെ സീറ്റ് തര്‍ക്കവും കമല്‍ഹാസന്റെ പാര്‍ട്ടിയുമായുള്ള ആശയക്കുഴപ്പവും സഖ്യത്തിന് ഇപ്പോഴും തലവേദനയാകുന്നുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം ചൂണ്ടിക്കാട്ടി 10 സീറ്റുകളാണ് വി.സി.കെ. ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എട്ട് സീറ്റുകള്‍ എന്ന ഡി.എം.കെ. നിലപാടിന് ഒടുവില്‍ വഴങ്ങുകയായിരുന്നു. ഇതിന് പകരമായി 2028-ല്‍ ഒഴിവുവരുന്ന ഒരു രാജ്യസഭാ സീറ്റ് വി.സി.കെക്ക് നല്‍കാമെന്ന് ഡി.എം.കെ. ഉറപ്പുനല്‍കിയിട്ടുണ്ട്.
കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം (MNM)് രണ്ട് സീറ്റുകള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ടെങ്കിലും 'ചിഹ്ന'ത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നു. ഡി.എം.കെയുടെ ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിബന്ധന കമല്‍ഹാസന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. സ്വന്തം ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിലപാടിലാണ് എം.എന്‍.എം. വിജയകാന്തിന്റെ പാര്‍ട്ടിയുമായി നാളെ ചര്‍ച്ചകള്‍ നടക്കും. ആറ് സീറ്റുകള്‍ നല്‍കാനാണ് സഖ്യത്തില്‍ ധാരണയായിരിക്കുന്നത്.
പുതുച്ചേരിയില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ അസാധാരണമായ തര്‍ക്കമാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലും ഡി.എം.കെ 13 സീറ്റിലും വി.സി.കെ ഒരു സീറ്റിലും മത്സരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, സീറ്റ് വിഭജനം പൂര്‍ത്തിയായി പത്രികാ സമര്‍പ്പണം കഴിഞ്ഞിട്ടും തര്‍ക്കം അവസാനിച്ചിട്ടില്ല. ഡി.എം.കെയ്ക്ക് മാറ്റിവെച്ച ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പത്രിക നല്‍കിയത് സഖ്യത്തിനുള്ളിലെ വിള്ളല്‍ പരസ്യമാക്കിയിരിക്കുകയാണ്.
തമിഴ്നാട്ടില്‍ സീറ്റ് വിഭജനം ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴും പുതുച്ചേരിയിലെ ഈ 'ഫ്രണ്ട്‌ലി ഫൈറ്റ്' സാഹചര്യം സഖ്യത്തെ എപ്രകാരം ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ഡി.എം.കെ നേതൃത്വം തുടരുകയാണ്.