ഇനി ഫുഡ് ഓർഡർ ചെയ്താൽ കീശ കീറും ഉറപ്പ്; സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസില്‍ വന്‍ വര്‍ദ്ധന വരുത്തി; തലയിൽ കൈവച്ച് ആളുകൾ

Update: 2026-03-24 12:56 GMT

ഡൽഹി: പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചു. സൊമാറ്റോയുടെ ചുവടുപിടിച്ച് ഓരോ ഓർഡറിനും ഇനി ഉപഭോക്താക്കൾ 17.58 രൂപ നൽകണം. 14.99 രൂപയായിരുന്ന ഫീസാണ് ഏകദേശം 17 ശതമാനം വർധിപ്പിച്ച് 17.58 രൂപയാക്കിയത്. ഇതോടെ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് കൂടുതൽ പണം മുടക്കേണ്ടി വരും. കമ്പനികളുടെ ലാഭക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത് നാലാം തവണയാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തുന്നത്. 2023-ൽ വെറും രണ്ട് രൂപയിൽ ആരംഭിച്ച ഈ ഫീസ് ഘട്ടം ഘട്ടമായി 17 രൂപ കടക്കുകയായിരുന്നു. സൊമാറ്റോയും ജിഎസ്ടി ഉൾപ്പെടെ 14.90 രൂപയും 2.68 രൂപ ജിഎസ്ടിയും ചേർത്ത് 17.58 രൂപയാണ് നിലവിൽ ഈടാക്കുന്നത്. ഇതോടെ ഇരു കമ്പനികളുടെയും പ്ലാറ്റ്‌ഫോം ഫീസ് ഒരേ നിലവാരത്തിലെത്തി.

ഒരു സാധാരണ ഉപഭോക്താവിന് ഈ തുക ചെറുതായി തോന്നാമെങ്കിലും, കമ്പനികൾക്ക് ഇത് വലിയ വരുമാന സ്രോതസ്സാണ്. രാജ്യത്ത് പ്രതിദിനം 43 ലക്ഷം മുതൽ 45 ലക്ഷം വരെ ഓർഡറുകളാണ് ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലൂടെയും നടക്കുന്നത്. ഇ-കൊമേഴ്‌സ്, ഫുഡ് ഡെലിവറി കമ്പനികൾ പ്ലാറ്റ്‌ഫോം ഫീസിലൂടെ മാത്രം പ്രതിവർഷം 3,500 മുതൽ 4,000 കോടി രൂപ വരെ ലാഭം നേടുന്നതായാണ് കണക്കുകൾ. ഭക്ഷണശാലകളിൽ നിന്ന് ഈടാക്കുന്ന കമ്മീഷൻ വർധിപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് കമ്പനികൾ നേരിട്ട് ഉപഭോക്താക്കളിൽ നിന്ന് തുക ഈടാക്കുന്നതെന്നാണ് സൂചന.

Tags:    

Similar News