'കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കുന്നു; യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കമല്ല'; യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് മമത ബാനര്‍ജി

'കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കുന്നു': മമത ബാനര്‍ജി

Update: 2025-02-12 16:44 GMT

കൊല്‍ക്കത്ത: പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയിലെ തിക്കിലുംതിരക്കിലും എത്രയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന കണക്കുകള്‍ പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ നിരവധിപേര്‍ക്ക് തിക്കിലുംതിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കമല്ല. കുംഭമേള കാര്യക്ഷമമായി നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ബി.ജെ.പി. സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നുവെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് ആളുകള്‍ കുംഭമേളയുടെ ഭാഗമാകാനെത്തുന്നുണ്ട് എന്ന പ്രചാരണം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍, ഇതിന് ആവശ്യമായ യാതൊരു മുന്നൊരുക്കങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും മമത വിമര്‍ശിച്ചു. നേരത്തേ കുംഭമേളയിലെ മൗനി അമാവാസി ദിനത്തിലെ പുണ്യസ്നാനത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതേദിവസം ഇവിടെയുണ്ടായ തിരക്കില്‍ വലിയ അപകടമുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 30 ആളുകള്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പുറമെ സമാജ്വാദി പാര്‍ട്ടി നേതാവായ അഖിലേഷ് യാദവും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മരിച്ച ആളുകളുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്. കുംഭമേളയിലെ ഒരുക്കങ്ങളിലുണ്ടായിട്ടുള്ള അനാസ്ഥ മറച്ചുവയ്ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഡിജിറ്റല്‍ കുംഭമേള ഒരുക്കുമെന്നാണ് ബി.ജെ.പി. സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍, ഇവര്‍ക്ക് മരിച്ചവരുടെ ഡിജിറ്റ് വെളിപ്പെടുത്താന്‍ പോലും സാധിക്കുന്നില്ലെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചിരുന്നു. ഈ ആളുകള്‍ ഒരുവശത്ത് ഡിജിറ്റല്‍ ഡിജിറ്റല്‍ എന്ന് തുടര്‍ച്ചയായി പറയുമ്പോഴും ഇതേ ആളുകള്‍ക്കാണ് മരണ സംഖ്യപോലും കൃത്യമായി നല്‍കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Similar News