ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം രാജ്യതാല്‍പര്യത്തിന് വിരുദ്ധം; പൗരൻ്റെ അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നത്; മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Update: 2025-09-10 13:59 GMT

ദില്ലി: ഏഷ്യാ കപ്പിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം ഭരണഘടനാവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. പൂനെ ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകനായ കേതൻ തിരോദ്‌കറാണ് ഹർജി നൽകിയത്. പഹൽഗാം ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, ഈ മത്സരം തുടരാൻ അനുമതി നിഷേധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ഭീകരാക്രമണത്തിൻ്റെ സാഹചര്യത്തിൽ പാകിസ്ഥാനെതിരെ കളിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം ഉറപ്പുനൽകുന്ന പൗരൻ്റെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. രാജ്യതാൽപര്യത്തിന് വിരുദ്ധമായാണ് ബിസിസിഐ ഈ മത്സരവുമായി മുന്നോട്ട് പോകുന്നതെന്നും, കാശ്മീരിൽ ഇന്ത്യൻ പൗരന്മാരെയും സൈനികരെയും കൂട്ടക്കൊല ചെയ്ത പാകിസ്ഥാനെ ക്രിക്കറ്റിൽ പോലും സൗഹൃദപരമായി കാണുന്നത് പൗരന്മാരുടെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്നും ഹർജിയിൽ പറയുന്നു.

കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നത്, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദ്വിരാഷ്ട്ര പരമ്പരകളിൽ കളിക്കില്ലെന്നും എന്നാൽ ഐസിസി അല്ലെങ്കിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന ബഹുരാഷ്ട്ര പരമ്പരകളിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ ടീമിന് അനുമതിയുണ്ടെന്നുമാണ്. എന്നാൽ ഐസിസി ടൂർണമെൻ്റുകളിലായാലും ഇന്ത്യ പാകിസ്ഥാനിലോ പാകിസ്ഥാൻ ഇന്ത്യയിലോ കളിക്കില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം സെപ്തംബർ 14-നാണ് നടക്കുന്നത്.

Tags:    

Similar News