'നമ്മുടെ ആത്മാക്കൾ കണ്ടുമുട്ടിയതല്ല, അവയ്ക്ക് പരസ്പരം ഓർമ്മയുണ്ടായിരുന്നു'; വൈറലായി ശന്തനു നായിഡു പങ്കുവെച്ച ചിത്രങ്ങൾ; ഡേറ്റിങിലെന്ന് നെറ്റിസണ്‍സ്
മുംബൈ: ടാറ്റ ഗ്രൂപ്പുമായി അടുത്ത ബന്ധം പുലർത്തുന്ന ശന്തനു നായിഡുവിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ. രത്തൻ ടാറ്റയുടെ വിശ്വസ്ത സഹായി എന്നറിയപ്പെടുന്ന ശന്തനു, തൻ്റെ ഇൻസ്റ്റാഗ്രാമിൽ ഒരു യുവതിയോടൊപ്പം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പങ്കുവെച്ച ചിത്രങ്ങളിൽ യുവതിയുടെ മുഖം വ്യക്തമായിരുന്നില്ല. എന്നാൽ, ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ച വരികളും ഇമോജികളും പ്രണയബന്ധത്തിലേക്കുള്ള സൂചനകളായി വിലയിരുത്തപ്പെടുന്നു.
'നമ്മുടെ ആത്മാക്കൾ കണ്ടുമുട്ടിയതല്ല, അവയ്ക്ക് പരസ്പരം ഓർമ്മയുണ്ടായിരുന്നു' എന്നായിരുന്നു ചിത്രങ്ങൾ പങ്ക് വെച്ചുകൊണ്ട് ശാന്തനു കുറിച്ചത്. സെൽഫി ചിത്രങ്ങൾ, ട്രെയിൻ യാത്ര, ലണ്ടനിലെ നാഷണൽ ഗാലറി, റെസ്റ്റോറൻ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ എന്നിവ ചിത്രങ്ങളിലുണ്ട്. ഈ പോസ്റ്റുകൾക്ക് താഴെയായി നിരവധി പേർ കമൻ്റുകളുമായി രംഗത്തെത്തി. 'ഇത് എഐ ആണെന്ന് പറയൂ', എന്നായിരുന്നു ഒരാൾ കുറിച്ചത്. 'എൻ്റെ ഹൃദയം ദശലക്ഷക്കണക്കിന് കഷണങ്ങളായി തകർന്നു' തുടങ്ങിയ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
ശന്തനു നായിഡു, ടാറ്റ ട്രസ്റ്റിൽ ഡെപ്യൂട്ടി ജനറൽ മാനേജറായും പിന്നീട് രത്തൻ ടാറ്റയുടെ പേഴ്സണൽ അസിസ്റ്റൻ്റായും ബിസിനസ് ജനറൽ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ, ടാറ്റ മോട്ടോഴ്‌സിൽ ജനറൽ മാനേജർ ആന്‍ഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായി 30 കാരനായ ശന്തനു പ്രവർത്തിക്കുന്നു. പൂനെ സ്വദേശിയായ ഇദ്ദേഹം എൻജിനീയറിംഗിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്.