രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച വിധി സാഹസമെന്ന് നിരീക്ഷണം;ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ലെന്ന് വാദിച്ച് സംസ്ഥാനങ്ങളും

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച വിധി സാഹസമെന്ന് നിരീക്ഷണം

Update: 2025-09-10 07:37 GMT

ന്യൂഡല്‍ഹി: ബില്ലുകളില്‍ ഒപ്പിടാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച വിധി സാഹസമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് നരസിംഹ നിരീക്ഷിച്ചു. ന്യായമായ സമയത്ത് ഗവര്‍ണര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം പാലിക്കാന്‍ ബാധ്യസ്ഥനാണെന്നും വീറ്റോ അധികാരമില്ലെന്നും കേരളം, കര്‍ണാടകം, പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങള്‍ കോടതിയില്‍ ശക്തമായി വാദിച്ചു.

കര്‍ണാടകത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്‌മണ്യമാണ് വാദം തുടങ്ങിയത്. വീറ്റോ അധികാരം ഗവര്‍ണറെ സര്‍വാധികാരിയാക്കും. സഭയെ അഭിസംബോധന ചെയ്യാന്‍പോലും ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശംവേണം. 'എത്രയും വേഗം ' ബില്ലിന് അനുമതി നല്‍കണമെന്നാണ് ഭരണഘടനയിലുളളത്. എത്രയും വേഗം നടപ്പിലാക്കണമെന്ന ഭരണഘടനാപരമായ കല്‍പ്പനയാണത്സുബ്രഹ്‌മണ്യം പറഞ്ഞു.

ഗവര്‍ണര്‍ ശത്രുവാകരുതെന്നും ജനങ്ങളോട് ഉത്തരവാദിത്വമുണ്ടാകേണ്ടയാളാണെന്നും കേരളത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് അവശ്യമെങ്കില്‍ ബില്ലില്‍ പ്രസ്തുത മന്ത്രിയുമായി സംസാരിച്ച് സംശയങ്ങള്‍ ദുരീകരിക്കാം. 'എത്രയും വേഗം' എന്ന വാക്കിന് ഉടനടി എന്നാണര്‍ഥം. പണബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് സങ്കല്‍പ്പിക്കാനാവുമോവേണുഗോപാല്‍ ചോദിച്ചു. ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും ഓപ്ഷനുകള്‍ മാത്രമേയുള്ളൂവെന്നും പഞ്ചാബിനായി അരവിന്ദ് ദത്തറും വാദിച്ചു. തെലങ്കാനയും വീറ്റോയെ എതിര്‍ത്തു.

Tags:    

Similar News