പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം; പത്താം ക്ലാസ് വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നു; രണ്ടു പേര്‍ക്ക് പരിക്ക്
പത്താം ക്ലാസ് വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നു; രണ്ടു പേര്‍ക്ക് പരിക്ക്
പട്‌ന: പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വെടിവെച്ചു കൊലപ്പെടുത്തി. രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാറാമില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. പരീക്ഷക്കു കോപ്പിയടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണു വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കാലിലും പിന്‍ഭാഗത്തും പരിക്കേറ്റ രണ്ടു വിദ്യാര്‍ഥികള്‍ നാരായണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രി മേഖലയില്‍ വലിയ സുരക്ഷയാണ് ഒരുക്കിയത്. മരിച്ച വിദ്യാര്‍ഥിയുടെ കുടുംബവും ഗ്രാമവാസികളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. റോഡിനു നടുവില്‍ ടയറുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. നീതി ലഭിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും കുടുംബം അറിയിച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. കുട്ടിയുടെ മൃതദേഹം കുടുംബത്തിനു കൈമാറി. ഫെബ്രുവരി 17 നാണു ബിഹാറിലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ആരംഭിച്ചത്. ഈമാസം 25ന് പരീക്ഷ അവസാനിക്കും.