ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ഒരു സൈനികന് പരിക്ക്; ഏറ്റുമുട്ടൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിൽ
റാഞ്ചി: ജാർഖണ്ഡിലെ പലാമു ജില്ലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. നിരോധിത ടി.എസ്.പി.സി അംഗങ്ങളുമായാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ മേദിനിറൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനാറ്റു പൊലീസ് സ്റ്റേഷൻ പരിധിയിലെ കേദൽ ഗ്രാമത്തിൽ പുലർച്ചെ 12.30 ഓടെയാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. കേദൽ ഗ്രാമത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇവിടെ ഓപ്പറേഷൻ ആരംഭിച്ചതെന്ന് പലാമു ജില്ലാ പോലീസ് മേധാവി റീഷ്മ രമേശൻ പറഞ്ഞു. ശാന്തൻ മേത്ത, സുനിൽ റാം എന്നിവരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.
സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റ ഉദ്യോഗസ്ഥന് ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുന്നുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്തു. പരിക്കേറ്റ സൈനികന് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.