ഒന്നിലധികം വോട്ടര്‍ ഐഡികള്‍; കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ ഭാര്യക്കെതിരെ ഇരട്ടവോട്ട് ആരോപണവുമായി ബിജെപി

Update: 2025-09-03 12:49 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരക്കെതിരെ ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഖേരയുടെ ഭാര്യക്കെതിരെയും ആരോപണവുമായി ബിജെപി. പവന്‍ ഖേരയുടെ ഭാര്യ കെ.നീലിമക്ക് ഒന്നിലധികം വോട്ടര്‍ ഐഡികള്‍ ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഇന്നലെ ബിജെപി ഇരട്ട വോട്ടര്‍ ഐഡി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. ഇന്നലെ രാവിലെയാണ് ബിജെപി നേതാക്കള്‍ പവന്‍ ഖേരക്ക് എതിരെ ആരോപണമുന്നയിച്ചത്. ജങ്പുര, ന്യൂഡല്‍ഹി മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പവന്‍ ഖേരക്ക് വോട്ട് ഉണ്ട് എന്നായിരുന്നു ബിജെപി ആരോപണം. ഇതിന് പിന്നാലെ പവന്‍ ഖേരയുടെ ഭാര്യക്ക് എതിരെയും ഇരട്ടവോട്ട് ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി.

തനിക്കെതിരെയുള്ള ആരോപണം പവന്‍ ഖേര തള്ളിയിരുന്നു. ജങ്പുരയിലെ വോട്ട് ഒഴിവാക്കാന്‍ 2016ല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചതിന് പിന്നാലെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ പ്രധാനപ്പെട്ട സംഘാടകരില്‍ ഒരാളായിരുന്നു പവന്‍ ഖേര.

Similar News