പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ ബാന്‍ഡേജ് വച്ച് തുന്നി; ഗുരുതര അണുബാധയെ തുടര്‍ന്ന് ഇരുപത്താറുകാരി മരിച്ചു: ആശുപത്രിക്കെതിരെ അന്വേഷണം

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ബാൻഡേജ് വച്ച് തുന്നിക്കെട്ടി; യുവതി മരിച്ചു

Update: 2025-10-23 00:45 GMT

ഡെറാഡൂണ്‍: പ്രസവ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍. പ്രസവശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളില്‍ ബാന്‍ഡേജ് വച്ച് തുന്നിയതിനെ തുടര്‍ന്നുണ്ടായ അണുബാധ മൂലമാണ് യുവതി മരിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ മാസങ്ങള്‍ക്ക് ശേഷം അന്വേഷണത്തിന് ഉത്തരവിടുക ആയിരുന്നു.

26കാരിയായ യുവതിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡെറാഡൂണ്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മനോജ് ശര്‍മ്മയുടെ നേതൃത്വത്തില്‍ നാലംഗ സമിതിക്കു രൂപം നല്‍കി. യുവതിയുടെ ഭര്‍ത്താവ് പ്രജ്ജ്വല്‍ പാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഡെറാഡൂണിലെ ഐ ആന്‍ഡ് മദര്‍ കെയര്‍ സെന്ററിന് എതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ഈ ആശുപത്രിയില്‍ വെച്ച് സിസേറിയന്‍ വഴിയാണ് ജ്യോതിപാല്‍ എന്ന യുവതി മകന് ജന്മം നല്‍കിയത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, ജ്യോതിക്ക് വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് അതേ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ വയറുവേദനയുടെ കാരണം വിശദീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.

തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴാണ് വയറ്റില്‍ ബാന്‍ഡേജ് കുടുങ്ങിയ കാര്യം തിരിച്ചറിയുന്നത്. എന്നാല്‍ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തുടര്‍ന്നാണ് പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു.

Tags:    

Similar News