വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം; പോലിസ് അന്വേഷണത്തില്‍ പിടിച്ചെടുത്തത് രണ്ട് ആഡംബര കാറുകളും സ്വര്‍ണവും ഏഴ് മൊബൈല്‍ ഫോണുകളും: പള്‍സര്‍ ബാബു നിരവധി കേസുകളിലെ പ്രതി
പള്‍സര്‍ ബാബു നിരവധി കേസുകളിലെ പ്രതി
ബെംഗളൂരു: വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കി ആഡംബര ജീവിതം നയിച്ചു പോന്ന പിടികിട്ടാപ്പുള്ളി ബെംഗളൂരു സദാശിവ നഗറില്‍ പിടിയില്‍. ചന്നപ്പട്ടണ സ്വദേശി 'പള്‍സര്‍ ബാബു' എന്ന ബാബുവാണ് പിടിയിലായത്. വിവാഹ വീടുകളില്ഡ നിന്നും സ്വര്‍ണവും പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും അടിച്ചു മാറ്റി മുങ്ങുന്നതാണ് ഇയാളുടെ രീതി. ഒരു വിവാഹ വീട്ടിലെ മോഷണത്തിനിടെയാണ് നിരവധി കേസുകളില്‍ പ്രതിയായ ചന്നപ്പട്ടണ സ്വദേശി ബാബുവിനെ ബെംഗളൂരു പൊലീസ് പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ 19 ഓളം കേസുകളില്‍ പ്രതിയാണെന്ന് പോലിസ് കണ്ടെത്തി. എന്നാല്‍ ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബാബുവിന്റെ പക്കല്‍ നിന്ന് രണ്ടു കാറുകളും 132 ഗ്രാം സ്വര്‍ണവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ചില്ലറ മോഷണക്കേസുകളില്‍ പ്രതിയായി ജയിലില്‍ ആയിരുന്ന ബാബു കൊവിഡ് കാലത്ത് ജയില്‍ മോചിതനായതോടെയാണ് വിവാഹ വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി.
മോഷണത്തിനയി കുട്ടികളെയാണ് ഇയാള്‍ പ്രധാനമായും ഉന്നംവച്ചിരുന്നത്. കല്ല്യാണവീടുകളില്‍ എത്തുന്ന കുട്ടികളുടെ കയ്യിലും കഴുത്തിലും കാലിലും ഉള്ള ആഭരണങ്ങളാണ് ഇയാള്‍ കൈക്കലാക്കിയിരുന്നതില്‍ കൂടുതലും. മൊബല്‍ ഫോണുകളും ഇയാള്‍ കവര്‍ന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനു പുറമേ വിവാഹ വീടുകളിലെ ലാപ്‌ടോപ്പുകളും ബൈക്കുകളും ഇയാള്‍ മോഷ്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആഭരണങ്ങള്‍ ഉരുക്കി വിറ്റ് ആ പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്നതായിരുന്നു ബാബുവിന്റെ രീതി. 42 ലക്ഷത്തിലേറെ രൂപ വില വരുന്ന രണ്ട് കാറുകളും 132 ഗ്രാം സ്വര്‍ണവും 7 മൊബൈല്‍ ഫോണുകളും ഒരു ക്യാമറയും രണ്ട് ലെന്‍സുകളും രണ്ട് ലാപ്‌ടോപ്പുകളും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സദാശിവ നഗര്‍, വരത്തൂര്‍, ജാലഹള്ളി, ബാഗല്‍ഗുണ്ടെ പൊലീസ് സ്റ്റേഷനുകളില്‍ ബാബു പ്രതിയായിട്ടുള്ള കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
