രാത്രി കരഞ്ഞ് നിലവിളിച്ച് കൊണ്ട് യുവതിയുടെ ഫോൺ കോൾ; നിമിഷ നേരം കൊണ്ട് പോലീസ് അടക്കം സ്ഥലത്തെത്തി; ബെംഗളൂരുവിൽ 27-കാരിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ചൊവാഴ്ച രാത്രിയാണ് വീട്ടിൽ വച്ച് യുവതിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ 5 പ്രതികളെയും അറസ്റ്റ് ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ചൊവാഴ്ച രാത്രി 9 മണിയോടെ മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗംഗോണ്ടനഹള്ളിയിലാണ് സംഭവം നടന്നത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ വീട്ടിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
ഇരയായ യുവതി തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ‘‘പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും മാറിമാറി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് വീട്ടിൽ നിന്ന് 25,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. സ്ത്രീയുമായും വീട്ടിലുള്ള മറ്റുള്ളവരുമായും സംസാരിച്ചതിൽ നിന്ന് അഞ്ച് പേരാണ് അതിക്രമത്തിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്’’ – ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് സി.കെ ബാബ വ്യക്തമാക്കി.
യുവതി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇരയായ സ്ത്രീയെ കൂടാതെ മറ്റൊരു സ്ത്രീയും രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷൻ 70(1), 127(2), 118(1), 311, 324(3) തുടങ്ങിയ നിരവധി വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.