ദീപാവലിക്ക് പടക്കം വാങ്ങാൻ പണമില്ല; ഇരുമ്പ് പൈപ്പിൽ വെടിമരുന്ന് നിറച്ച് പരീക്ഷണം; 19-കാരന് ദാരുണാന്ത്യം; ഒരാൾക്ക് കാഴ്ച പോയി; മറ്റൊരാൾക്ക് ഇരു കൈകളും നഷ്ടമായി
ചണ്ഡീഗഡ്: വീട്ടിൽ സ്വന്തമായി പടക്കം നിർമ്മിക്കാൻ ശ്രമിച്ച 19-കാരൻ പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ചു. മൻപ്രീത് സിങ് ആണ് മരിച്ചത്. ദീപാവലിക്ക് പടക്കം വാങ്ങാൻ പണമില്ലാത്തതിനെ തുടർന്ന് വീട്ടിൽ പടക്കമുണ്ടാക്കാൻ ശ്രമിച്ചത്. അപകടത്തിൽ കുടുംബത്തിലെ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
സഹോദരൻ ലവ്പ്രീതി സിങിനൊപ്പമാണ് മൻപ്രീത് സ്ഫോടക വസ്തു നിർമ്മിക്കാൻ ശ്രമിച്ചത്. പരിക്കേറ്റ ലവ്പ്രീതി അമൃത്സറിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഒരാൾക്ക് കാഴ്ച നഷ്ടപ്പെട്ടതായും, മറ്റൊരാൾക്ക് ഇരു കൈകളും നഷ്ടപ്പെട്ടതായും, ഒരാൾക്ക് താടിയെല്ലിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇരുമ്പ് പൈപ്പിൽ വെടിമരുന്ന് നിറച്ചാണ് ഇവർ സ്ഫോടക വസ്തു നിർമ്മിക്കാൻ ശ്രമിച്ചത്. സ്ഫോടനത്തിന്റെ തീവ്രതയിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.