ലവ് ജിഹാദും ബഹുഭാര്യത്വവും തടയുക മുഖ്യലക്ഷ്യം; നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി അസം സര്‍ക്കാര്‍
ദിസ്പൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിലധികം വിവാഹങ്ങള്‍ ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ലവ് ജിഹാദും ബഹുഭാര്യത്വവും തടയാന്‍ കര്‍ശന നടപടിയുമായി അസം സര്‍ക്കാര്‍. ഇതിനായി നിയമസഭയില്‍ പുതിയ ബില്ല് അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ അറിയിച്ചു. ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് ബില്ല് കൊണ്ടുവരുമെന്ന് ഹിമന്ത ബിശ്വശര്‍മ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലവ് ജിഹാദ്, ബഹുഭാര്യത്വം എന്നിവയ്ക്കെതിരെ സംസ്ഥാനത്ത് ഈ വര്‍ഷം തന്നെ ബില്ലുകള്‍ അവതരിപ്പിക്കും. ബില്ലുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യും. ബില്ലുകള്‍ പാസായി കഴിഞ്ഞാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിക്കും. അടുത്ത മാസമായിരിക്കും സഭയില്‍ ചര്‍ച്ച നടക്കുക. ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചാല്‍ നിയമങ്ങളുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലവ് ജിഹാദിനും ബഹുഭാര്യത്വത്തിനുമെതിരെ ഹിമന്ത ബിശ്വശര്‍മ നേരത്തെയും നടിപടികള്‍ കടുപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതിരുന്നു. ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ പങ്കാളി ജീവിച്ചിരിക്കുമ്പോള്‍ ഔദ്യോഗികമായി ബന്ധം പിരിയാതെ രണ്ടാമതും വിവാഹം കഴിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.