ഡല്‍ഹിയില്‍ വനിതകള്‍ക്ക് മഹിള സമൃദ്ധി പദ്ധതിപ്രകാരം പ്രതിമാസം 2,500 രൂപ; വാക്കുപാലിച്ച് ബിജെപി സര്‍ക്കാര്‍; പ്രഖ്യാപനം വനിതാ ദിനത്തില്‍

വാക്കുപാലിച്ച് ബിജെപി സര്‍ക്കാര്‍

Update: 2025-03-08 13:09 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വനിതകള്‍ക്ക് മഹിള സമൃദ്ധി പദ്ധതിപ്രകാരം പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി ബിജെപി സര്‍ക്കാര്‍. പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേന്ന മന്ത്രിസഭാ യോഗത്തിലാണ് വനിതകള്‍ക്കുളള പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇതിനായി 5,100 കോടി വാര്‍ഷിക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

'ഇന്ന് വനിത ദിനമാണ്. ഈ സവിശേഷ മുഹൂര്‍ത്തത്തില്‍ ഞങ്ങള്‍ മന്ത്രി സഭായോഗം ചേര്‍ന്ന് മഹിള സമൃദ്ധി പദ്ധതി പ്രകാരം വനിതകള്‍ക്ക് 2,500 രൂപ നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്', മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, ഡല്‍ഹിയില്‍ താമസമാക്കിയ 18-നും 60-നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ മഹിള സമൃദ്ധി പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാന്‍ ഉടന്‍ തന്നെ വെബ്സൈറ്റും അവതരിപ്പിക്കും. ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റി പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കും. മന്ത്രിമാരായ ആശിഷ് സൂദ്, വിരേന്ദ്രര്‍ സച്ച്ദേവ, കപില്‍ ശര്‍മ്മ തുടങ്ങിയവരും കമ്മിറ്റിയില്‍ അംഗങ്ങളാണ്.

അതേസമയം, സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് എതിരേ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. മാര്‍ച്ച് 8-ന് വനിതാദിനത്തില്‍ വനിതകള്‍ക്കുള്ള 2,500 രൂപയുടെ ഹോണറേറിയം നല്‍കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക് അതിന് സാധിച്ചില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ആതിഷി പ്രതികരിച്ചു.

'മാര്‍ച്ച് എട്ടോടെ വനിതകള്‍ക്കുള്ള 2,500 രൂപ അക്കൗണ്ടിലെത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇന്നിപ്പോള്‍ വനിതകള്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ 2,500 രൂപ എത്തുന്നതും കാത്തിരിപ്പാണ്', ആതിഷി വിമര്‍ശിച്ചു. ബി.ജെ.പി സര്‍ക്കാര്‍ ഡല്‍ഹിയിലെ വനിതകളെ വഞ്ചിച്ചുവെന്നും ആം ആദ്മി ആരോപിച്ചു.

Similar News