സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് വി. രാമസ്വാമി അന്തരിച്ചു; വിടവാങ്ങുന്നത് ഇംപീച്ച്‌മെന്റിന് വിധേയനായ ആദ്യ ജഡ്ജി
ചെന്നൈ: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1989 മുതല്‍ 1994 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. ഇന്ത്യയില്‍ ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് ജസ്റ്റീസ് വി. രാമസ്വാമി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നപ്പോള്‍ ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റീസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. 1993 ല്‍ ആ പ്രമേയം പരാജയപ്പെട്ടു.
1953ലാണ് രാമസ്വാമി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1962ല്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായും 1969ല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായ അദ്ദേഹം 1971ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. 1987ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായ അദ്ദേഹം 1989ല്‍ സുപ്രീം കോടതിയി ജഡ്ജിയായത്. 1994ല്‍ അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചു.