ഭാര്യയെ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നത് മാനസിക ക്രൂരത; വിവാഹമോചനത്തിന് കാരണമായി പരിഗണിക്കുമെന്ന് ഹൈക്കോടതി

ഭാര്യയെ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നത് മാനസിക ക്രൂരത

Update: 2025-03-09 11:32 GMT

ഇന്‍ഡോര്‍: ഭാര്യയെ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നത് മാനസിക ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും മധ്യപ്രദേശ് ഹൈക്കോടതി. പന്ത്രണ്ടാം ക്ലാസിനുശേഷം തുടര്‍ പഠനത്തിന് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തടഞ്ഞുവെന്ന് ആരോപിച്ച് യുവതി നല്‍കിയ വിവാഹമോചനം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് വിവേക് റുസിയയും ജസ്റ്റിസ് ഗജേന്ദ്ര സിങും അടങ്ങുന്ന ഇന്‍ഡോര്‍ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ഭാര്യയെ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയോ പഠനം തുടരാന്‍ കഴിയാത്ത അവസ്ഥയിലാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയോ ചെയ്യുന്നത് ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അവളുടെ സ്വപ്നങ്ങള്‍ നശിപ്പിക്കുന്നതിന് തുല്യമാണ്. വിദ്യാഭ്യാസമോ സ്വയം മെച്ചപ്പെടുത്താന്‍ താല്‍പ്പര്യമോ ഇല്ലാത്ത ഒരു വ്യക്തിയോടൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത് മാനസിക ക്രൂരതയാണെന്നും കോടതി പറഞ്ഞു.

1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13(1)(ശമ) പ്രകാരം ഇത് വിവാഹമോചനത്തിന് അനുമതി നല്‍കാനുള്ള കാരണമാണെന്നും കോടതി വിധിച്ചു.

2015 ല്‍ വിവാഹിതയായ യുവതി 12-ാം ക്ലാസ് വരെ പഠിച്ചിരുന്നു. പഠനം തുടരാന്‍ യുവതി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതി കുടുംബ കോടതിയില്‍ വിവാഹമോചനം തേടി. എന്നാല്‍ ഭര്‍ത്താവിന് അനുകൂലമായാണ് വിധി വന്നത്. പഠനം തുടരാന്‍ അനുവദിക്കാത്തത് വിവാഹമോചനത്തിനായുള്ള തക്കതായ കാരണമല്ലെന്നായിരുന്നു കുടുംബ കോടതിയുടെ കണ്ടെത്തല്‍. ഇതോടെ യുവതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Similar News