ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍; എയിംസ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍
ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. ധന്‍കറുടെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രധാനമന്ത്രി നേരിട്ട് അന്വേഷിച്ചു.
ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ച വിവരം എക്‌സിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. എയിംസ് ആശുപത്രിയിലെത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ കണ്ടുവെന്നും അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ആശുപത്രിയിലെത്തി ഉപരാഷ്ട്രപതിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചിരുന്നു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ജഗ്ദീപ് ധന്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ സിസിയുവില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് വിവരം. എയിംസിലെ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോക്ടര്‍ രാജീവ് നാരാംഗിന്റെ ചികിത്സയിലാണ് അദ്ദേഹം.