രഹസ്യബന്ധമുണ്ടെന്ന് പരസ്പരം സംശയം; ബാങ്ക് മാനേജറായ യുവതിയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Update: 2025-11-11 15:10 GMT

ഹൈദരാബാദ്: രഹസ്യ ബന്ധമുണ്ടെന്ന സംശയത്തില്‍ ബാങ്ക് മാനേജറായ യുവതിയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് അമീന്‍പുര്‍ കെഎസ്ആര്‍ നഗറില്‍ താമസിക്കുന്ന കൃഷ്ണവേണി(37)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബ്രഹ്‌മയ്യക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ബ്രഹ്‌മ്മയ്യയും ഭാര്യ കൃഷ്ണവേണിയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്ന് ഭാര്യയും സംശയിച്ചിരുന്നു. ഇതേച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നത്.

ഞായറാഴ്ച വൈകീട്ടും ഇതേച്ചൊല്ലി രണ്ടുപേരും വഴക്കിട്ടു. ഇതിനുപിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ബ്രഹ്‌മയ്യ കൃഷ്ണവേണിയുടെ തലയില്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചതായും, ഇടിയുടെ ആഘാതത്തില്‍ കൃഷ്ണവേണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നും പോലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട കൃഷ്ണവേണി കോഹിറിലെ ജില്ലാ സഹകരണ ബാങ്കിലെ അസിസ്റ്റന്റ് മാനേജരാണ്. ദമ്പതിമാര്‍ക്ക് ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിനിയായ മകളും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനും ഉണ്ട്.

കൊല്ലപ്പെട്ട കൃഷ്ണവേണിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. സമീപകാലത്ത് ഹൈദരാബാദിലും സമീപപ്രദേശങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്

Similar News