തമിഴ്‌നാട്ടില്‍ പ്രമുഖര്‍ക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണി; മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചലച്ചിത്ര താരങ്ങള്‍ക്കും ഇമെയില്‍ വഴി ഭീഷണി സന്ദേശം

Update: 2025-11-17 09:04 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രമുഖര്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും നടന്‍മാരായ അജിത് കുമാര്‍, അരവിന്ദ് സ്വാമി, നടി ഖുശ്ബു എന്നിവരുടെ വസതികള്‍ക്ക് നേരെ ഞായറാഴ്ച രാത്രിയിലാണ് ബോംബ് ഭീഷണി ലഭിച്ചത്. ഡി.ജി.പിയുടെ ഓഫീസിലേക്ക് ലഭിച്ച ഇമെയിലിനെത്തുടര്‍ന്ന് ഇവരുടെ വീടുകളില്‍ സുരക്ഷാ പരിശോധനകള്‍ നടത്തി. പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളൊന്നും ലഭിക്കാത്തതിനാല്‍ വ്യാജമാണെന്ന് തെളിഞ്ഞു. എന്നാല്‍ ഭീഷണിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ആഴ്ച ചെന്നൈയിലെ ഇഞ്ചമ്പക്കത്തുള്ള അജിത് കുമാറിന്റെ വസതിയിലേക്കും നടന്‍ അരുണ്‍ വിജയിക്കെതിരെയും അജ്ഞാതരില്‍ നിന്ന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇവരുടെ വീടിന്റെ പരിസരത്തും ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. നടനും രാഷ്ട്രീയ നേതാവുമായ എസ്.വി. ശേഖറിന്റെ വീടിനും ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ മാസം സംഗീത സംവിധായകന്‍ ഇളയരാജയുടെ സ്റ്റുഡിയോക്കും താരങ്ങളായ രജനീകാന്ത്, ധനുഷ്, വിജയ്, തൃഷ എന്നിവരുടെ വീടുകള്‍ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. അതും വ്യാജമാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി.

ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ക്ക് ഇരയാകുന്ന പ്രമുഖരുടെ പട്ടിക വര്‍ധിച്ചതോടെ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും വ്യാജ ഭീഷണി മുഴക്കിയ വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സൈബര്‍ സെല്‍ വഴിയും മറ്റ് സാങ്കേതിക മാര്‍ഗങ്ങളിലൂടെയും സന്ദേശമയച്ച വ്യക്തിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Similar News