രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് ഊര്‍ജമാകുന്നതായിരിക്കണം പാര്‍ലമെന്റ് സമ്മേളനം; വികസനമാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് പ്രധാനമന്ത്രി
By : സ്വന്തം ലേഖകൻ
Update: 2025-12-01 07:22 GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് ഊര്‍ജമാകുന്നതായിരിക്കണം പാര്‍ലമെന്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും വളര്‍ച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ തെരഞ്ഞെടുപ്പിലെ ജനവിധി ജനാധിപത്യത്തിന്റെ ശക്തിയാണ് വ്യക്തമാക്കിയത്. പാര്‍ലമെന്റ് സമ്മേളനം ജനങ്ങള്‍ക്ക് ഊര്‍ജത്തിന്റെ സന്ദേശം നല്‍കുന്നതാകണമെന്നും പ്രതിപക്ഷം പാര്‍ലമെന്റിലെ ദൗത്യം ശരിയായി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ അസ്വസ്ഥതയില്‍നിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.