അനധികൃത കര്‍ക്കരി ഖനിയില്‍ സ്ഫോടനം; 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; ഖനി ഉടമകളായ രണ്ടുപേര്‍ കസ്റ്റഡിയില്‍

Update: 2026-02-06 10:53 GMT

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നിരവധിപേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഖനി ഉടമകളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തങ്സ്‌കു മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് എസ്പി വികാസ് കുമാര്‍ പറഞ്ഞു.

പരിക്കേറ്റവരെ ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പരിസ്ഥിതിക്കും സുരക്ഷക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയില്‍ റാറ്റ് ഹോള്‍ ഖനനം നിരോധിച്ചിരുന്നു. പിന്നീട് സുപ്രിംകോടതി ഇത് ശരിവെച്ചു. ഒരാള്‍ക്ക് മാത്രം കടന്നുചെല്ലാന്‍ കഴിയുന്ന 3-4 അടി മാത്രം ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങള്‍ നിര്‍മിച്ച് അതിലൂടെ ഇറങ്ങി കല്‍ക്കരി പുറത്തെടുക്കുന്ന രീതിയാണ് റാറ്റ് ഹോള്‍ ഖനനം.

ഖനിക്ക് 100 അടിയിലധികം ആഴമുള്ള ഒരു കുഴിയുണ്ട്. ഇതിന്റെ അടിഭാഗത്തുനിന്ന് മൂന്ന് ഇടുങ്ങിയ തുരങ്കങ്ങള്‍ അല്ലെങ്കില്‍ 'റാറ്റ്-ഹോളുകള്‍' വിവിധ വശങ്ങളിലേക്ക് പോകുന്നു. കല്‍ക്കരി ഖനനം ചെയ്യുന്നതിനായി തൊഴിലാളികള്‍ ഈ തുരങ്കങ്ങളിലേക്ക് ഇറങ്ങുകയാണ് പതിവ്. ഉള്ളില്‍ കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എന്‍ഡിആര്‍എഫ് ഇന്‍സ്പെക്ടറായ അനുരാഗ് കുമാര്‍ സിങ് പറഞ്ഞു.

Similar News