രാജസ്ഥാനിലെ കോട്ടയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് രണ്ടു മരണം; 15ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്: പലരുടേയും നില ഗുരുതരം

രാജസ്ഥാനിലെ കോട്ടയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് രണ്ടു മരണം

Update: 2026-02-08 00:01 GMT

ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയില്‍ റെസ്റ്റൊറന്റായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നു രണ്ട് പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങളില്‍ 15ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കോട്ടയിലെ തല്‍വണ്ടിയില്‍ ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് അപകടം. റസ്റ്ററന്റായി പ്രവര്‍ത്തിക്കുന്ന കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു.

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റ എട്ടു പേരെയാണ് കോട്ട ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇവരില്‍ കുട്ടി ഉള്‍പ്പെടെ 5 പേരുടെ നില ഗുരുതരമാണ്. മരിച്ച ഒരാള്‍ ബംഗാള്‍ സ്വദേശിയാണെന്ന് കോട്ട ജില്ലാ ആശുപത്രിയിലെ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇയാളുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

അതേസമയം കെട്ടിടം തകര്‍ന്നതിന്റെ കാരണം ലഭ്യമല്ല. തകര്‍ന്ന കെട്ടിടത്തിനു തൊട്ടടുത്തായി മറ്റൊരു കെട്ടിടം നിര്‍മാണത്തിലാണ്. ഈ കെട്ടിടത്തിന്റെ അടിസ്ഥാന നിര്‍മാണത്തിന്റെ ഭാഗമായുണ്ടായ പ്രകമ്പനമാണോ സമീപകെട്ടിടത്തിന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം സ്‌ഫോടന ശബ്ദത്തോടെയാണ് കെട്ടിടം തകര്‍ന്നതെന്നു നാട്ടുകാര്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News