ആകാശ എയര്‍ സഹസ്ഥാപകന്‍ പ്രവീണ്‍ അയ്യര്‍ രാജിവെച്ചു
മുംബൈ: രാജ്യത്തെ ഏറ്റവും പുതിയ വിമാന സര്‍വിസ് കമ്പനിയായ ആകാശ എയറിന്റെ ഭാവി അനിശ്ചിതത്വത്തില്‍. കമ്പനിയുടെ സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യല്‍ ഓഫിസറുമായ പ്രവീണ്‍ അയ്യര്‍ രാജിവെച്ചു. വളര്‍ച്ച മാന്ദ്യത്തില്‍പെട്ട കമ്പനി പുതിയ വികസന പദ്ധതികള്‍ തയാറാക്കുന്നതിനിടെയാണ് പ്രവീണ്‍ അയ്യരുടെ രാജി. പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷമാകുന്നതിനിടെ കമ്പനി വിടുന്ന രണ്ടാമത്തെ ഉന്നത തല ഉദ്യോഗസ്ഥനാണ് പ്രവീണ്‍.
2022 ആഗസ്റ്റില്‍ ആദ്യ യാത്ര തുടങ്ങുമ്പോള്‍ പ്രവീണ്‍ ആകാശ എയര്‍ ടീമിലുണ്ടായിരുന്നു. കമ്പനിയുടെ എക്‌സികുട്ടിവ് കമ്മിറ്റി അംഗംകൂടിയാണ്. പ്രവീണ്‍ സ്ഥാനമൊഴിഞ്ഞതോടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആനന്ദ് ശ്രീനിവാസനെ പുതിയ കൊമേഴ്‌സ്യല്‍ ഓഫിസറായി കമ്പനി നിയമിച്ചു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ അന്താരാഷ്ട്ര സേവനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന നീലു ഖാത്രി രാജിവെച്ചിരുന്നു. അവരും ആകാശ എയറിന്റെ സഹസ്ഥാപകരില്‍ ഒരാളായിരുന്നു.
പ്രമുഖ ഓഹരി നിക്ഷേപകനായിരുന്ന രാകേശ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തിലാണ് ആകാശ എയര്‍ പ്രവര്‍ത്തനം തുടങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി, രഞ്ജന്‍ പൈ തുടങ്ങിയവരില്‍നിന്ന് കുടുംബം കൂടുതല്‍ നിക്ഷേപം സമാഹരിച്ചിരുന്നു. വിമാനങ്ങള്‍ കൃത്യസമയത്ത് നിര്‍മിച്ച് വിതരണം ചെയ്യാന്‍ ബോയിങ്ങിന് കഴിയാത്തതാണ് ആകാശ നേരിടുന്ന പ്രതിസന്ധി. ഈ വര്‍ഷം മൂന്ന് പുതിയ വിമാനങ്ങളാണ് കമ്പനി വാങ്ങിയത്. ആഭ്യന്തര വിമാന യാത്ര വിപണിയില്‍ അഞ്ച് ശതമാനം പങ്കാളിത്തമുള്ള ആകാശ, ഈ വര്‍ഷം 12 പുതിയ വിമാനങ്ങള്‍കൂടി വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്.