സഹപാഠിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; മലയാളി ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികള്‍ ബംഗളൂരുവില്‍ പിടിയില്‍
ബംഗളൂരു: സഹപാഠിയെ വ്യാജ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ നാല് കോളേജ് വിദ്യാര്‍ത്ഥികളെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ജെയിന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ മൊഹന്തി എന്ന വിദ്യാര്‍ത്ഥിയാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്.
കേരളം, ബിഹാര്‍, ജാര്‍ഖണ്ഡ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കാറിലെത്തിയ സംഘം മൊഹന്തിയെ ബലമായി തട്ടിക്കൊണ്ടുപോയി പ്രതികളില്‍ ഒരാളുടെ മുറിയില്‍ എത്തിച്ച് പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി.
മൊഹന്തിയുടെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച സംഘം 50,000 രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ 10,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയെങ്കിലും പിന്നാലെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
പ്രതികളുടെ പക്കല്‍ നിന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച സാധനങ്ങള്‍ പോലീസ് കണ്ടുകെട്ടി. പിടിയിലായവര്‍ കേവലം വിദ്യാര്‍ത്ഥികള്‍ മാത്രമല്ലെന്നും ക്യാമ്പസിനുള്ളില്‍ ഒരു ഗുണ്ടാ സംഘമായി പ്രവര്‍ത്തിച്ചിരുന്നവരാണെന്നും പോലീസ് പറഞ്ഞു. മുന്‍പും നിരവധി വിദ്യാര്‍ത്ഥികളെ ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്.