ഗാര്‍ഹിക സിലിണ്ടറുകള്‍ ചെറിയ സിലിണ്ടറുകളിലേക്ക് മാറ്റി മറിച്ചുവില്‍പന; ഹൈദരാബാദില്‍ റീഫില്ലിങ് കേന്ദ്രത്തില്‍ റെയ്ഡ്; ഒരാള്‍ പിടിയില്‍

Update: 2026-04-12 16:03 GMT

ഹൈദരാബാദില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകം നിയമവിരുദ്ധമായി ചെറിയ സിലിണ്ടറുകളിലേക്ക് മാറ്റി നിറച്ച് വില്‍പന നടത്തിവന്ന മഹാരാഷ്ട്ര സ്വദേശി പിടിയിലായി. രംഗറെഡ്ഡി ജില്ലയിലെ ജലപള്ളി ഗ്രാമത്തില്‍ ഗ്യാസ് റിപ്പയറിങ് ഷോപ്പിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ദത്ത ബാബുറാവു മാനെ (28) ആണ് പഹാഡി ഷെരീഫ് പൊലീസിന്റെ പിടിയിലായത്.

ജലപള്ളിയിലെ യുവന്‍ സ്‌കൂളിന് സമീപമുള്ള കടയില്‍ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളോ അനുമതിയോ ഇല്ലാതെയാണ് ഇയാള്‍ റീഫില്ലിങ് നടത്തിയിരുന്നത്. വലിയ സിലിണ്ടറുകളില്‍ നിന്ന് ചെറിയ സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറച്ച് ഉയര്‍ന്ന വിലയ്ക്ക് ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ രണ്ട് മാസമായി ഇത്തരത്തില്‍ നിയമവിരുദ്ധ കച്ചവടം നടത്തിവരികയാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് എച്ച്.പി സിലിണ്ടറുകള്‍, അഞ്ച് കിലോയുടെയും നാല് കിലോയുടെയും ചെറിയ സിലിണ്ടറുകള്‍, ഗ്യാസ് നിറയ്ക്കാന്‍ ഉപയോഗിക്കുന്ന പൈപ്പുകള്‍ എന്നിവ കണ്ടെടുത്തു. അവശ്യസാധന നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. ജനവാസ കേന്ദ്രത്തില്‍ അപകടകരമായ രീതിയില്‍ ഗ്യാസ് റീഫില്ലിങ് നടത്തിയത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തിയിരുന്നത്.

Similar News