ഡീസലിന്റെ കയറ്റുമതി തീരുവ കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍; ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നീക്കം

ഡീസലിന്റെ കയറ്റുമതി തീരുവ കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍; ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നീക്കം

Update: 2026-04-12 08:21 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവയിലും എക്‌സൈസ് തീരുവയിലും വന്‍ വര്‍ധനവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടാകുന്ന അസ്ഥിരത കണക്കിലെടുത്താണ് പുതിയ നടപടി.

പുതുക്കിയ നിരക്കനുസരിച്ച് ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 21.5 രൂപയില്‍ നിന്ന് 55.5 രൂപയായാണ് കുത്തനെ ഉയര്‍ത്തിയത്. ഇതിന് പുറമെ ഡീസലിന്റെ സ്‌പെഷ്യല്‍ അഡീഷനല്‍ എക്‌സൈസ് തീരുവ ലിറ്ററിന് 24 രൂപയായും, റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് 36 രൂപയായും വര്‍ധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 29.5 രൂപയില്‍ നിന്ന് 42 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, പെട്രോളിന്റെ കയറ്റുമതി തീരുവയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ എണ്ണക്കമ്പനികള്‍ക്ക് ആശ്വാസമായി എക്‌സൈസ് തീരുവയില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ വിജ്ഞാപനം വന്നതോടെ ഡീസലിന്റെ നികുതി ഭാരം പഴയതിനേക്കാള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് വിപണിയില്‍ എത്തരത്തിലുള്ള പ്രതിഫലനം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് ഇന്ധന മേഖല.

Tags:    

Similar News