പരീക്ഷാ ഫലം വന്നതിന് പിന്നാലെ വിദ്യാര്‍ഥിയെ കാണാതായി
ഹൈദരബാദ്: തെലങ്കാന ഇന്റര്‍മീഡിയറ്റ് പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ ഹൈദരാബാദില്‍ 17 വയസ്സുകാരനെ കാണാതായി. ഹൈദരാബാദിലെ കിഷന്‍ബാഗ് സ്വദേശിയും അട്ടാപൂരിലെ ശ്രീ ചൈതന്യ കോളജ് വിദ്യാര്‍ഥിയുമായ മുഹമ്മദ് അമാനുള്ള ഷരീഫിനെയാണ് ഞായറാഴ്ച രാവിലെ മുതല്‍ കാണാതായത്. ഒരു വിഷയത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങിയതെന്നാണ് സംശയിക്കുന്നത്.
ഞായറാഴ്ച രാവിലെ 11 മണിയോടെ പിതാവ് മുഹമ്മദ് ഫഹീമുല്ല ഷരീഫ് മകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അമാനുല്ല പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റ വിവരം കുടുംബം അറിയുന്നത്. തോല്‍വി മൂലമുള്ള കടുത്ത വിഷമമാകാം മകന്‍ ആരെയും അറിയിക്കാതെ പോകാന്‍ കാരണമെന്ന് പിതാവ് ബഹാദൂര്‍പുര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അമാനുല്ലയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും അതില്‍ സിം കാര്‍ഡ് ഇല്ലാത്തത് കുട്ടിയുടെ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് പൊലീസിനും കുടുംബത്തിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. പരീക്ഷാ ഫലം വരുന്ന സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം സമ്മര്‍ദ്ദങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അമാനുല്ലയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ ബഹാദൂര്‍പുര പൊലീസ് സ്റ്റേഷനിലോ (8712661286, 8712572118), പൊലീസ് കണ്‍ട്രോള്‍ റൂമിലോ (100) വിവരം അറിയിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു.