നഗര പരിധിയിൽ നിന്നും പിടിച്ചെടുത്തത് 335 കിലോ കഞ്ചാവും 6.5 കിലോ എംഡിഎംഎയും; വൻ തോതിൽ ലഹരി വസ്തുക്കൾ; എല്ലാം കൈയ്യോടെ നശിപ്പിച്ച് പോലീസ്; സംഭവം മംഗളൂരുവിൽ
മംഗളൂരു: കഴിഞ്ഞ വർഷം നഗര പരിധിയിൽ നിന്നും പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ച് മംഗളൂരു പോലീസ്. 6 കോടി 80 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പൊലീസ് നശിപ്പിച്ചത്. കോടതിയുടെ അനുമതിയോടെ മുൾകി വ്യവസായ മേഖലയിലാണ് മയക്കുമരുന്നുകൾ നശിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
2024ൽ പിടികൂടിയ മയക്കുമരുന്നുകൾക്കൊപ്പം 2023ൽ പിടികൂടിയ ഏതാനും മയക്കുമരുന്നുകളും നശിപ്പിച്ചതായി മംഗളൂരു പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. 37 കേസുകളിലായി പിടികൂടിയ 335 കിലോ ഗ്രാം കഞ്ചാവും 6.5 കിലോ ഗ്രാം എംഡിഎംഎയും 16 ഗ്രാം കൊക്കെയ്നുമാണ് നശിപ്പിച്ചത്. ഇവയ്ക്ക് 6 കോടി 80 ലക്ഷം രൂപ വിലവരുമെന്നും കഴിഞ്ഞ വർഷം മാത്രം 1000ൽ അധികം ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജനുവരി 11ന് മിസോറമിലെ ചംഫായി ജില്ലയിൽ നിന്ന് 97.90 ലക്ഷം രൂപ വിലമകതിക്കുന്ന ഹെറോയിനുമായി ഒരാളെ അസം റൈഫിൾസ് പിടികൂടിയിരുന്നു. ലൽതൻപുനിയ എന്ന 35കാരനാണ് പിടിയിലായത്. ജനുവരി 10ന് സമാനമായ രീതിയിൽ ഹെറോയിനുമായി മൂന്ന് പേരെ അസം റൈഫിൾസ് പിടികൂടിയിരുന്നു.