സ്വകാര്യ നിമിഷങ്ങൾ ഒളിക്യാമറയിൽ പകർത്തി; 50 ലക്ഷം തന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന് ഭീഷണി; ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടാൻ ശ്രമിച്ച ക്രിമിനൽ സംഘം പിടിയിൽ
ബെംഗളൂരു: സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ കർണാടകയിലെ ബെലഗാവിയിൽ മൂന്ന് പേർ അറസ്റ്റിൽ. സോഷ്യൽ മീഡിയയിലൂടെയും വാർത്താ ചാനലുകളിലൂടെയും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഗോകാക് താലൂക്ക് സ്വദേശികളായ സമീർ നിസാർ അഹമ്മദ് ഷെയ്ഖ് (32), അബ്ദുൾ റഷീദ് നസീർ അഹമ്മദ് മകന്ദർ (51), മുഹമ്മദ് ദിലാവർ ബാലേകുന്ദ്രി (43) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
ഇരയായ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാൽമാരുതി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ ഒളിക്യാമറകൾ ഉപയോഗിച്ച് സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്യുകയും, ആവശ്യപ്പെട്ട വൻ തുക നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഐപിസിയിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം മാലമാരുതി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടെ, കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന നിരവധി മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ, മെമ്മറി കാർഡുകൾ, ഹിഡൻ ക്യാമറ ഹോൾഡറുകൾ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാർ എന്നിവ പോലീസ് പിടിച്ചെടുത്തു. പ്രതികൾ കൂടുതൽ ആളുകളെ സമാനമായ രീതിയിൽ ലക്ഷ്യമിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണ്.