രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നു; നടി പവിത്ര ഗൗഡക്കു മാത്രമല്ല മറ്റു സ്ത്രീകള്‍ക്കും നഗ്‌നചിത്രങ്ങള്‍ അയച്ചു: കോടതിയില്‍ വാദവുമായി ദര്‍ശന്‍
രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നു
ബംഗളൂരു: തെലുഗു നടന്‍ ദര്‍ശന്‍ തൂഗുദീപയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയ രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നുവെന്ന് നടന്‍ ദര്‍ശന്‍ കോടതിയില്‍. രേണുക സ്വാമിവധക്കേസില്‍ നാല് മാസമായി ജയിലില്‍ കഴിയുകയായിരുന്ന ദര്‍ശന്‍ കര്‍ണാടക ഹൈകോടതിയിലാണ് അഭിഭാഷകര്‍ മുഖേന ഇക്കാര്യം അറിയിച്ചത്.
രേണുകസ്വാമി നടി പവിത്ര ഗൗഡക്കു മാത്രമല്ല മറ്റു സ്ത്രീകള്‍ക്കും നഗ്‌നചിത്രങ്ങള്‍ അയച്ച് അനാദരവ് കാണിക്കാറുണ്ടെന്നും നടന്‍ കോടതിയില്‍ ബോധിപ്പിച്ചു. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശന്റെ പേര് വന്നതു മുതല്‍ നിഷേധാത്മകമായ രീതിയിലാണ് ദര്‍ശനെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
2024 ഒക്ടോബറില്‍ ദര്‍ശന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നടി പവിത്ര ഗൗഡയുടെ ആരാധകനായ രേണുകസ്വാമി അവര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. തുടര്‍ന്നാണ് നടി ദര്‍ശനെ സമീപിക്കുന്നത്. ദര്‍ശന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും മറ്റു 15 പേരും കേസില്‍ കൂട്ടുപ്രതികളാണ്.
ജൂണ്‍ ഒമ്പതിനാണ് രേണുകസ്വാമിയുടെ മൃതദേഹം ബംഗളൂരുവിലെ കാമാക്ഷിപാളയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ ഇവരുടെ ഭാര്യ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. രേണുകസ്വാമിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കടുത്ത പീഡനവും രക്തസ്രാവവും മൂലമാണ് മരണം സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിരുന്നു.