ഓട്ടോ ഡിലീറ്റ് ആപ്പുകള്‍ ഉപയോഗിച്ച് ജിഹാദി ആശയ പ്രചാരണവും റിക്രൂട്ട്‌മെന്റും; നാല് അല്‍ഖ്വായിദ തീവ്രവാദികള്‍ ഗുജറാത്തില്‍ അറസ്റ്റില്‍; ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട രേഖകള്‍ സംഘത്തിന്റെ ശേഖരത്തില്‍; പിടി വീണത് അല്‍ഖ്വായിദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അഞ്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ രഹസ്യവിവരം ഗുജറാത്ത് എടിഎസിന് കിട്ടിയതോടെ

നാല് അല്‍ഖ്വായിദ തീവ്രവാദികള്‍ ഗുജറാത്തില്‍ അറസ്റ്റില്‍

Update: 2025-07-23 17:32 GMT

ന്യൂഡല്‍ഹി: അല്‍ഖ്വായിദയുമായി ബന്ധമുള്ള നാല് തീവ്രവാദികള്‍ ഗുജറാത്തില്‍ അറസ്റ്റില്‍.  വ്യാജ നോട്ട് റാക്കറ്റുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായ നാല്‍വര്‍ സംഘം അല്‍ഖ്വായിദയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതോടെയാണ് പിടി വീണത്. ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഇവരെ അകത്താക്കിയത്. നാലുപേരില്‍ ഒരാളെ മറ്റൊരു സംസ്ഥാനത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

മൊഹമ്മദ് ഫെയ്ഖ്, ഫര്‍ദീന്‍ ഷെയ്ഖ്, സൈഫുളള ഖുറേഷി, സീഷന്‍ അലി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ അല്‍ഖ്വായിദയുടെ തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും, സംശയകരമായ ആപ്പുകളും ഉപയോഗിച്ചിരുന്നു. പരസ്പരമുള്ള ആശയവിനിമയം പുറത്തുപോകാതിരിക്കാന്‍ ഓട്ടോ ഡിലീറ്റ് ആപ്പുകളും ഇവര്‍ ഉപയോഗിച്ചിരുന്നു.

നാലുപേരെയും ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്ക് അല്‍ഖ്വായിദയുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ടെന്ന് ഗുജറാത്ത് എടിഎസ് ഓഫീസര്‍മാര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഇവര്‍ അല്‍ഖ്വായിദുമായി ബന്ധപ്പെട്ടത്. ഗുജറാത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ച പിടിച്ചെടുത്തതോടെയാണ് നാലുപേരും എടിഎസ് റഡാറിലായത്. ഇവരുടെ ചാറ്റുകളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും വിശകലനം ചെയ്തുവരികയാണ്.

ഫര്‍ദീന്‍ ഷെയ്ഖ് അഹമ്മദാബാദ് സ്വദേശിയും, മൊഹ്‌മ്മദ് ഫെയ്ഖ് ഡല്‍ഹി സ്വദേശിയും സീഷന്‍ അലി നോയിഡക്കാരനും, സൈഫുള്ള ഖുറേഷി ഗുജറാത്തിലെ മൊഡാസ സ്വദേശിയുമാണ്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം റിക്രൂട്ട്‌മെന്റിനും ഇവര്‍ ശ്രമിച്ചിരുന്നു. ജൂണ്‍ 10 ന് അല്‍ഖ്വായിദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അഞ്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെ കുറിച്ച് ഡപ്യൂട്ടി എസ്പി ഹര്‍ഷ് ഉപാധ്യായയ്ക്ക് രഹസ്യവിവരം കിട്ടിയതോടെയാണ് ഓപ്പറേഷന്‍ തുടങ്ങിയത്. ഇന്ത്യയ്ക്കും ജനാധിപത്യത്തിനും എതിരെ മതാടിസ്ഥാനത്തില്‍ ഇവര്‍ ഉള്ളടക്കം പങ്കുവയ്ക്കുകയായിരുന്നു.

ഫര്‍ദീന്‍ ഷെയ്ഖിന്റെ പക്കല്‍ നിന്ന് ഒരുവാളും അല്‍ഖ്വായിദയുമായി ബന്ധപ്പെട്ട പ്രചാരണ രേഖകളും കണ്ടെത്തി. അതുകൂടാതെ, ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള രേഖകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഉള്ളടക്കം പാക് അനുകൂലവും, ഇന്ത്യാ വിരുദ്ധവുമായിരുന്നു. വിവിധ ഇന്‍സ്റ്റ ഗ്രൂപ്പുകള്‍ വഴി ജിഹാദി ആശയങ്ങള്‍ വിതരണം ചെയ്യുകയും ഇന്ത്യയിലെ ജനാധിപത്യ നിയമത്തിന് പകരം ശരിയ നിയമം നടപ്പാക്കണമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

മൊഹമ്മദ് ഫെയ്ഖ് ആകട്ടെ ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അനവധി പാക് ഇന്‍സ്റ്റ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടിരുന്നു. യുഎപിഎ. ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍. ഫര്‍ദീനെയും സൈഫുളളയെയും കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മൊഹമ്മദ് ഫെയ്ഖിനെയും സീഷന്‍ അലിയെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

ഒസാമ ബിന്‍ ലാദന്റെ ഗുരു ഷെയ്ഖ് അബ്്ദുളള അസം ആണ് മഖ്തബ് അല്‍-ഖിദാമത് എന്ന സംഘടനയില്‍ നിന്ന് അല്‍ഖ്വായിദയെ വളര്‍ത്തിയത്. അഫ്ഗാനിസ്ഥനിലെ ഭീകരരെ ഫണ്ട് ചെയ്യാന്‍ വേണ്ടിയുള്ള സംഘടനയായാണ് തുടങ്ങിയത്.

പിന്നീട് അല്‍ഖ്വായിദയും അനുബന്ധ സംഘടനകളും ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി.

സ്ഥാപിച്ച വര്‍ഷം മുതല്‍ 1991 വരെ അഫ്ഗാനിസ്ഥാനിലും, പാക്കിസ്ഥനിലെ പെഷവാറിലുമായിരുന്നു പ്രവര്‍ത്തനം. 1996 മുതല്‍ 2001 വരെ താലിബാന്റെ സംരക്ഷണത്തില്‍, അഫ്ഗാനിസ്ഥാനില്‍ നിന്നു ബിന്‍ ലാദനും ഭീകര കൂട്ടാളികളുമാണ് അല്‍ഖ്വായിദ ഓപ്പറേറ്റ് ചെയ്തത്.

Tags:    

Similar News