കല്യാണപ്പന്തലില്‍ 'ഇല്ലീഗല്‍ ഗ്യാങ്ങിന്റെ' തലവന്‍; താലി കെട്ടാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ വില്ലനായി പൊലീസ്! ഗുണ്ടാനേതാവിനെ വിവാഹമണ്ഡപത്തില്‍ നിന്നും പൊലീസ് പിടികൂടി; ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് വധു പോലീസ് സ്‌റ്റേഷനില്‍
കല്യാണപ്പന്തലില്‍ 'ഇല്ലീഗല്‍ ഗ്യാങ്ങിന്റെ' തലവന്‍; താലി കെട്ടാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ വില്ലനായി പൊലീസ്!
ഭോപ്പാല്‍: സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ക്കാണ് ഭോപ്പാല്‍ സാക്ഷ്യം വഹിച്ചത്. വിവാഹപ്പന്തലില്‍ വധുവിന്റെ കൈപിടിക്കാന്‍ ഒരുങ്ങിനിന്ന വരനെ താലികെട്ടിന് തൊട്ടുമുന്‍പ് പൊലീസ് പൊക്കി. വെറുമൊരു വരനല്ല, പേര് കേട്ട ഗുണ്ടാത്തലവന്‍ ആകാശ് നീല്‍കാന്ത്! തന്റെ പ്രിയതമനെ വിട്ടുകിട്ടാന്‍ വധു സീമ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കരഞ്ഞു കാലുപിടിച്ചെങ്കിലും നിയമത്തിന്റെ കണ്ണ് നനഞ്ഞില്ല.
ഭോപ്പാലിനെ വിറപ്പിക്കുന്ന 'ഇല്ലീഗല്‍ ഗ്യാങ്' എന്ന ക്രിമിനല്‍ സംഘത്തിന്റെ തലവനാണ് ആകാശ്. ഈ സംഘത്തിലെ അംഗങ്ങളെ തിരിച്ചറിയാന്‍ ഒരു പ്രത്യേകതയുണ്ട്എല്ലാവരുടെയും കഴുത്തില്‍ ഗ്യാങ്ങിന്റെ പേര് പച്ചകുത്തിയിട്ടുണ്ടാകും. ഏകദേശം 50-ഓളം യുവാക്കളാണ് ഈ മാഫിയ സംഘത്തിലുള്ളത്. കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കം 31-ഓളം കേസുകളാണ് ആകാശിന്റെ പേരില്‍ നിലവിലുള്ളത്.
തന്റെ ജീവിതം നശിക്കുമെന്നും തന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചായിരുന്നു സീമ പൊലീസ് സ്റ്റേഷനിലെത്തി കരഞ്ഞുകാലുപിടിച്ചത്. ആകാശ് എന്ന ഗുണ്ടാത്തലവനെ വിട്ടുകിട്ടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇയാളെ പുറത്ത് വിടാന്‍ കഴില്ലെങ്കില്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിക്കണമെന്നായി യുവതി. എന്നാല്‍ പൊലീസ് അനുമതി നല്‍കിയില്ല.
'ഇല്ലീഗല്‍ ഗ്യാങ്' എന്ന ഗുണ്ടാസംഘടനയുടെ തലവനാണ് ആകാശ് നീല്‍കാന്ത്. അപ്രതീക്ഷിതമായാണ് ഇയാളുടെ വിവാഹത്തിനിടെ പൊലീസ് വിവാഹവേദിയില്‍ എത്തിയത്. ആകാശിന് പുറമേ ഇയാളുടെ കൂട്ടാളിയായ രാജംജി താക്കൂര്‍, അഭിഷേക് ഉപാധ്യായ്, അഭിഷേക് മീണ, നീരജ് ഖാന്‍ജേ, അമിത് ഓസ്വാള്‍ എന്നിവരെയും പിടികൂടിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ആറു വര്‍ഷമായി സീമയും ആകാശും പ്രണയത്തിലാണ്. ആഴ്ചകളായി കല്യാണത്തിനുള്ള ഒരുക്കത്തിലായിരുന്നു സീമയും കുടുംബവും.
2018മുതല്‍ ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം സജീവമാണ്. ഇവരുടെ എല്ലാ കഴുത്തില്‍ സംഘടനയുടെ പേര് ടാറ്റൂ ചെയ്തിട്ടുണ്ട്. അമ്പതോളം യുവാക്കളാണ് ഇതിന്റെ ഭാഗമായുള്ളതെന്ന് പൊലീസ് പറയുന്നു. 31ഓളം കേസാണ് ആകാശിന്റെ പേരിലുള്ളത്. 2024 മാര്‍ച്ച് 18ന് ബിജെപി യുവമോര്‍ച്ച മണ്ഡല്‍ വൈസ് പ്രസിഡന്റ് സുരേന്ദ്ര കുഷ്വാഹയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍.
ഈ കേസുമായി ബന്ധപ്പെട്ട 18മാസത്തോളം ഇയാള്‍ ജയിലില്‍ കിടന്നിരുന്നു. ഇപ്പോള്‍ 26കാരനായ ഒരു പൂജാരിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് 8 ലക്ഷം രൂപ മോചന ദ്രവ്യം ചോദിച്ച കേസിലാണ് ഇപ്പോള്‍ ഇയാളെ പിടികൂടിയിരിക്കുന്നത്. ആകാശിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ട യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
