പത്തുവര്‍ഷം പോലീസിനെ വെള്ളംകുടിപ്പിച്ചു, ഏഴു ഭാഷകള്‍... പല വേഷങ്ങള്‍; ഒടുവില്‍ ഉജ്ജയിനിയില്‍ വെച്ച് ക്രൈം ബ്രാഞ്ച് പൊക്കി; കുഞ്ഞാമിനയെ കുത്തിക്കൊന്ന ഡല്‍ഹി 'കൊലയാളികള്‍' വലയില്‍; വസ്ത്രം തരാമെന്ന് മോഹിപ്പിച്ചുണ്ടാക്കിയ സിം കാര്‍ഡുകള്‍; നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികള്‍ കുടുങ്ങി; ഇരിക്കുറിനെ നടുക്കിയ കേസില്‍ നേട്ടമുണ്ടാക്കി 'കണ്ണൂര്‍ സ്‌ക്വാഡ്'
കണ്ണൂര്‍: ഒരു ദശാബ്ദക്കാലം പോലീസിനെ വട്ടംചുറ്റിച്ച ഇരിക്കൂര്‍ കുഞ്ഞാമിന വധക്കേസിലെ പ്രതികളായ അന്തര്‍സംസ്ഥാന ക്രിമിനലുകള്‍ ഒടുവില്‍ ക്രൈം ബ്രാഞ്ചിന്റെ വലയിലായി. 2016-ല്‍ ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെ മെരടന്‍ കുഞ്ഞാമിനയെ (60) അതിക്രൂരമായി കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന ന്യൂഡല്‍ഹി സ്വദേശികളായ പര്‍വീണ്‍ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെയാണ് മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വെച്ച് അതിസാഹസികമായി പിടികൂടിയത്. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള ടീമാണ് ഈ 'ഹൈ-പ്രൊഫൈല്‍' ലേഡി ക്രിമിനലുകളെ കുടുക്കിയത്.
വസ്ത്ര വ്യാപാരികളെന്ന വ്യാജേനയാണ് പ്രതികള്‍ കുഞ്ഞാമിനയുടെ അയല്‍വാസികളായി എത്തിയത്. സൗമ്യ രംഗാവാലയെന്നും സമീറ രംഗാവാലയെന്നും വ്യാജ പേരുകള്‍ സ്വീകരിച്ച ഇവര്‍, കുഞ്ഞാമിനയെ തങ്ങളുടെ വാടകവീട്ടില്‍ വിളിച്ചുവരുത്തി കഴുത്തിലും വയറിലും നെഞ്ചിലും ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം സ്വര്‍ണ്ണവും പണവുമായി കടന്നുകളഞ്ഞു. കേസില്‍ പെടാതിരിക്കാന്‍ ഫോണ്‍ വില്‍ക്കുകയും മറ്റൊരാള്‍ക്ക് സൗജന്യമായി വസ്ത്രം നല്‍കാമെന്ന് പറഞ്ഞ് അയാളുടെ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡ് സംഘടിപ്പിക്കുകയും ചെയ്ത ഇവര്‍ ഒരു സൈബര്‍ ക്രിമിനലിന്റെ ബുദ്ധിയോടെയാണ് നീങ്ങിയത്.
മലയാളം ഉള്‍പ്പെടെ ഏഴോളം ഭാഷകള്‍ അനായാസം സംസാരിക്കുന്ന പ്രതികള്‍ പത്തുവര്‍ഷത്തിനിടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വേഷം മാറി താമസിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ മുതല്‍ ഡല്‍ഹി വരെ നീളുന്ന ഇവരുടെ ഒളിവ് ജീവിതം സിനിമകളെ പോലും വെല്ലുന്നതാണ്. നേരത്തെ ആന്ധ്രാപ്രദേശിലും സമാനമായ കുറ്റകൃത്യം നടത്തി മുങ്ങിയവരാണ് ഈ സ്ത്രീകള്‍. ഇരിക്കൂര്‍ പോലീസ് അന്വേഷിച്ച കേസ് 2024-ലാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. അതിവിദഗ്ധമായ അന്വേഷണത്തിനൊടുവില്‍ ഉജ്ജയിനിയില്‍ വെച്ച് മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് ഇവരെ പൊക്കിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഇവരുടെ പത്തുവര്‍ഷത്തെ മറ്റ് തട്ടിപ്പുകളെക്കുറിച്ചും വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഹൈദരാബാദ് സ്വദേശികളാണെന്നും സൗമ്യ രംഗാവാല കുസായി ഗുഡാ,ഹൈദരാബാദ്, സമീറ രംഗാവാല ഹൈദരാബാദ് എന്ന വ്യാജ പേരുകളില്‍ ആണ് അറിയപ്പെട്ടത്. 2016ല്‍ പ്രതികള്‍ വസ്ത്ര വ്യാപാരികളെന്ന് പറഞ്ഞു കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടില്‍ താമസിക്കുകയും അവരുമായി സൗഹൃദത്തില്‍ ആവുകയും 2016 ഏപ്രില്‍ 30 ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടക വീട്ടില്‍ വെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ചെന്നുറപ്പാക്കി കുഞ്ഞാമിനയുടെ കഴുത്തില്‍ ഉണ്ടായിരുന്ന രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും കൈയില്‍ ഉണ്ടായിരുന്ന ഒരു വളയും പണവും കവര്‍ച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
ആന്ധ്രാ പ്രദേശിലെ ഓംഗോള്‍ പോലീസ് സ്റ്റേഷനില്‍ സമാന കുറ്റ കൃത്യം ചെയ്ത പ്രതികള്‍ അവിടെ നിന്നു ജാമ്യത്തിറങ്ങി മുങ്ങി കേരളത്തിലേക്കു കടക്കുകയായിരുന്നു. ഈ കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ സര്‍വവിധ മുന്‍ കരുതലുകളും നടത്തിയിരുന്നു. പ്രതികള്‍ വ്യാജ രേഖകള്‍ നല്‍കിയാണ് ക്വാര്‍ട്ടേഴ്സ് വാടകക്ക് എടുത്തത്. സംഭവത്തിന് മുന്‍പ് തന്നെ ഫോണ്‍ വില്‍പ്പന നടത്തി. ഫോണിന്റെ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചതു കര്‍ണാടക സ്വദേശിയായ ഒരാള്‍ക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നല്‍കിയാണ്. പ്രതികള്‍ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല. ഇരിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2024ല്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാന്‍ സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.
തെലുങ്കു, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി 7 ഭാഷകള്‍ സംസാരിക്കുന്ന പ്രതികള്‍ കണ്ണൂരിനെ കൂടാതെ കാസറഗോഡ് വയനാട്, മലപ്പുറം പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലും തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞ 10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. അബ്ദുല്‍ റഹൂഫ്, എസ്.ഐമാരായ ഗിരീഷ്, സുധീഷ്, എ.എസ്.ഐ മഞ്ജുള എന്നിവരടങ്ങിയ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം അതിവിദഗ്ധമായ അന്വേഷണത്തിലൂടെ പ്രതികളെ മദ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നും മദ്ധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
