രാജസ്ഥാനില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; അജ്മീറില്‍ റെയില്‍ ട്രാക്കില്‍ കണ്ടെത്തിയത് 70 കിലോ ഭാരമുള്ള സിമന്റ് കട്ടകള്‍; കാന്‍പൂരിലെ അട്ടിമറി ശ്രമം പരാജയപ്പെട്ടതിന് വീണ്ടും നീക്കം; സമഗ്ര അന്വേഷണം നടത്താന്‍ ഏജന്‍സികള്‍

സിമന്റ് കട്ടകള്‍ നിരത്തി ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിക്കാനായിരുന്നു ശ്രമമെന്ന് റെയില്‍വേ ഉദ്യേഗസ്ഥര്‍

Update: 2024-09-10 06:57 GMT

ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീറില്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം. ബംഗാഡ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. റെയില്‍വേ ട്രാക്കില്‍ 70 കിലോ ഭാരമുള്ള കൂറ്റന്‍ സിമന്റ് കട്ടകള്‍ കണ്ടെത്തി. സിമന്റ് കട്ടകള്‍ നിരത്തി ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിക്കാനായിരുന്നു ശ്രമമെന്ന് റെയില്‍വേ ഉദ്യേഗസ്ഥര്‍ പറഞ്ഞു. സിമന്റ് കട്ടകളില്‍ ട്രെയിന്‍ തട്ടിയെങ്കിലും കേടുപാടുകള്‍ കൂടാതെ ട്രെയിന്‍ യാത്ര തുടര്‍ന്നു.

റെയില്‍വേ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് റെയില്‍വേ ആക്ട്, പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പര്‍ട്ടി ആക്ട് എന്നിവ പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫുലേര-അഹമ്മദാബാദ് പാതയിലെ വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴിയിലെ ശാരദ്‌ന, ബംഗദ് സ്റ്റേഷനുകള്‍ക്കിടയില്‍ രാത്രി 10.30 ഓടെയാണ് സംഭവം.

റെയില്‍വേ ജീവനക്കാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യം ഒരു സിമന്റ് കട്ടയും ട്രാക്കില്‍തന്നെ അല്‍പം മാറി രണ്ടാമത്തേതും കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ജീവനക്കാരുടെ പരാതിയിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സമാനമായ അട്ടിമറി ശ്രമം കഴിഞ്ഞദിവസം യു.പിയിലെ കാണ്‍പുരിലും നടന്നിരുന്നു.

നേരത്തെ ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഭിവാനി-പ്രയാഗ്രാജ് കാല്‍ന്ദി എക്സ്പ്രസ് പാളം തെറ്റിക്കാന്‍ ശ്രമം നടന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് രാജസ്ഥാനിലും പാളം തെറ്റിക്കാനുള്ള ശ്രമം ഉണ്ടായത്. കാണ്‍പൂരിലെ ട്രെയിന്‍ അട്ടിമറി ശ്രമത്തില്‍ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജന്‍സിയും രംഗത്തുണ്ട്.

ആയിരത്തിലേറെ പേര്‍ യാത്ര ചെയ്യുന്ന കാളിന്ദി ഏക്സ്പ്രസ്, പ്രയാഗ്രാജില്‍ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള യാത്രക്കിടെയാണ് അട്ടിമറി ശ്രമം നടന്നത്. എല്‍പിജി സിലിണ്ടറും പെട്രോള്‍ നിറച്ച കുപ്പിയും ഉപയോഗിച്ചായിരുന്നു ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെയോടയാണ് സംഭവം നടക്കുന്നത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ദില്ലിയില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ സംഘവും കാണ്‍പൂരിലേക്ക് തിരിച്ചു.

യാത്രയിക്കിടെ പാളത്തിലെ എല്‍പിജി സിലിണ്ടര്‍ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വളരെ അടുത്തായിരുന്നതിനാല്‍ ട്രെയിന്‍ നില്‍ക്കാതെ സിലിണ്ടറില്‍ ഇടിച്ചു. പിന്നാലെ പതിയെ ട്രെയിന്‍ നിര്‍ത്താനായതോടെ വലിയ അപകടം ഒഴിഞ്ഞുപോയി.

Tags:    

Similar News