നാടൻ ബോംബെറിഞ്ഞ് പൊലീസുകാരെ പരിക്കേൽപ്പിച്ച കേസിൽ പിടിയിലായി; തെളിവെടുപ്പിനിടെ എസ്ഐയെ ആക്രമിച്ചു; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കൊടുംകുറ്റവാളി; അഴകുരാജയുടേത് എൻകൗണ്ടറോ ?

Update: 2026-01-27 07:17 GMT

ചെന്നൈ: തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നെന്ന പ്രതിപക്ഷ ആരോപണങ്ങൾ കനക്കുന്നതിനിടെ, മധുര ജില്ലയിലെ കൊടുംകുറ്റവാളിയായ അഴകുരാജ (30) പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പെരമ്പല്ലൂർ ജില്ലയിലെ മംഗലമേട്ടിൽ ഇന്ന് ചൊവ്വാഴ്ച രാവിലെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

എസ്ഐ ശങ്കറിനെ ആക്രമിച്ചതിനെ തുടർന്നാണ് പൊലീസ് വെടിയുതിർത്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്. തലയ്ക്ക് വെടിയേറ്റ അഴകുരാജയെ ഉടൻ പെരമ്പല്ലൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറ്റുമുട്ടലിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ പെരമ്പല്ലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടുരാജ എന്ന പേരിലും അറിയപ്പെടുന്ന അഴകുരാജയ്ക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.

മുപ്പതിലേറെ കേസുകളിൽ പ്രതിയായ കാളിമുത്തുവിനെ ഏതാനും ദിവസം മുൻപ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരു സംഘം പൊലീസിനെ ആക്രമിച്ചിരുന്നു. ഈ കേസിൽ പിടിയിലായ അഴകുരാജയെയാണ് ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയത്. കഴിഞ്ഞ ജനുവരി 24-നാണ് അഴകുരാജ ഉൾപ്പെട്ട സംഘം നാടൻ ബോംബെറിഞ്ഞ് പൊലീസുകാരെ ആക്രമിച്ചത്.

ഈ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരുക്കേൽക്കുകയും, അന്ന് പൊലീസ് വെടിയുതിർത്ത് അക്രമികളെ തുരത്തുകയുമായിരുന്നു. ഈ സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായി തകർന്നുവെന്നും ഗുണ്ടകളുടെ ഭരണത്തിൽ പൊലീസിനുപോലും രക്ഷയില്ലാതായെന്നും പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ ഉയർന്നുവന്ന് മണിക്കൂറുകൾക്കകമാണ് അഴകുരാജയുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടൽ നടക്കുന്നത്.

Tags:    

Similar News