കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ദുരനുഭവം വീട്ടുകാരെ അറിയിച്ചതോടെ പരാതി നല്‍കി; ഒളിവില്‍ പോയ പുരോഹിതന്‍ വേളാങ്കണ്ണിയില്‍ പിടിയില്‍
പെരുവന്താനം: കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പുരോഹിതന്‍ പൊലിസ് വലയില്‍. പാലൂര്‍ക്കാവ് സി.എസ്.ഐ പള്ളി വികാരിയും കോട്ടയം വെള്ളൂര്‍ സ്വദേശിയുമായ സന്തോഷിനെയാണ് (സന്തോഷ് കുമാര്‍) തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്ന് പെരുവന്താനം പൊലിസ് പിടികൂടിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഫെബ്രുവരി ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പള്ളിയില്‍ കൗണ്‍സിലിങ്ങിനായി എത്തിയ പെണ്‍കുട്ടിയെ വികാരി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ കുടുംബം ഉടന്‍ തന്നെ പെരുവന്താനം പൊലിസില്‍ പരാതി നല്‍കി. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയിരുന്നു.
പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വേളാങ്കണ്ണിയിലുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പെരുവന്താനം പൊലിസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സഭാനടപടികളും ഇയാള്‍ക്കെതിരെ ഉണ്ടായേക്കുമെന്നാണ് സൂചന.