കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ ലിഞ്ചിംഗ്; മര്‍ദ്ദിച്ചവശനാക്കി വണ്ടി കയറ്റി കൊന്നു; പ്രതികളെ പിടികൂടി വിട്ടയച്ച് കനേഡിയന്‍ പോലീസ്; ഉജ്ജയിന്‍ സ്വദേശി ഗുര്‍കിരാതിന്റെ ദാരുണാന്ത്യത്തില്‍ നടുക്കം മാറാതെ കുടുംബം!
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ ലിഞ്ചിംഗ്; മര്‍ദ്ദിച്ചവശനാക്കി വണ്ടി കയറ്റി കൊന്നു
ഭോപ്പാല്‍: വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമം വര്‍ധിച്ചുവരുന്ന കാലത്ത് കാനഡയില്‍ നിന്നും നടുക്കുന്ന വാര്‍ത്തയും. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശിയായ ഗുര്‍കിരാത് സിംഗ് മനോച്ച (23) ആണ് ഫോര്‍ട്ട് സെന്റ് ജോണ്‍ നഗരത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. വെറും മര്‍ദ്ദനമല്ല, ശാരീരികമായി ആക്രമിച്ചവശനാക്കിയ ശേഷം ഗുര്‍കിരാതിന്റെ ശരീരത്തിലൂടെ വണ്ടി ഓടിച്ചു കയറ്റിയാണ് അക്രമിസംഘം ക്രൂരത കാട്ടിയത്.
ഫോര്‍ട്ട് സെന്റ് ജോണ്‍ നഗരത്തില്‍ മാര്‍ച്ച് 14-നായിരുന്നു ഒരു സംഘം യുവാക്കള്‍ ഗുര്‍കിരാതിനെ കൊലപ്പെടുത്തിയത്. നോര്‍ത്തേണ്‍ ലൈറ്റ്‌സ് കോളേജില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് മാനേജ്മെന്റിന് പഠിക്കുകയായിരുന്നു ഗുര്‍കിരാത്. പഠനത്തോടൊപ്പം വാള്‍മാര്‍ട്ടില്‍ പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്നു. സംഭവദിവസം ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങിയ ഗുര്‍കിരാതിനെ സഹപാഠികളായ ചില വിദ്യാര്‍ഥികള്‍ കൂടെക്കൂട്ടി.
മുന്‍പുണ്ടായിരുന്ന ചില തര്‍ക്കങ്ങളുടെ പേരില്‍ 10 മുതല്‍ 12 വരെ യുവാക്കള്‍ ചേര്‍ന്നാണ് ഗുര്‍കിരാതിനെ ആക്രമിച്ചത്. മര്‍ദ്ദനമേറ്റ് വീണ ഗുര്‍കിരാതിനെ വണ്ടി കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ആശുപത്രിയില്‍വച്ച് മരണം സ്ഥിരീകരിച്ചതിന് ശേഷം പൊലീസ് ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും അഭിഭാഷകര്‍ എത്തിയതോടെ ഇവരെ വിട്ടയച്ചു.
ഒരു വര്‍ഷം മുന്‍പാണ് ഗുര്‍കിരാത് കാനഡയിലേക്ക് പോയത്. സംഭവത്തിന് തലേദിവസം ഡല്‍ഹിയില്‍ നിന്നും ഉജ്ജയിനിലേക്ക് മടങ്ങുകയായിരുന്ന പിതാവ് ഗുര്‍ജീത് സിംഗ് മനോച്ചയുമായി ഗുര്‍കിരാത് ഫോണില്‍ സംസാരിച്ചിരുന്നു. സാധാരണ സംഭാഷണമായിരുന്നു അതെന്നും മകനെ ഇങ്ങനെ നഷ്ടപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും കുടുംബം വേദനയോടെ പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കാന്‍ നിയമപരമായ തടസ്സങ്ങള്‍ കാരണം മൂന്നാഴ്ചയോളം സമയമെടുക്കുമെന്നാണ് സൂചന. അവസാന കര്‍മ്മങ്ങള്‍ ചെയ്യാന്‍ മൃതദേഹം എത്രയും വേഗം എത്തിച്ചു നല്‍കണമെന്ന് ഗുര്‍കിരാതിന്റെ സഹോദരന്‍ പ്രഭ്കിരാത് സിംഗ് അധികൃതരോട് അഭ്യര്‍ത്ഥിച്ചു.
