പത്താം ക്ലാസ്സുകാരിയെ കുളിമുറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തിയപ്പോള്‍ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി; അഞ്ചംഗ സംഘ ക്രിമിനല്‍ സംഘത്തിലെ ഒരാള്‍ പിടിയില്‍
സരണ്‍: ബീഹാറിലെ സരണ്‍ ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഈ ദാരുണമായ കൃത്യം നടന്നത് കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ്. സ്വന്തം കുടുംബവീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ, അയല്‍വാസികളായ അഞ്ചംഗ യുവാക്കളുടെ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.
സമീപത്തുള്ള ഒരു കുളിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ പെണ്‍കുട്ടിയെ അഞ്ച് യുവാക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകളാണ്. തങ്ങളുടെ ക്രൂരത പുറംലോകം അറിയാതിരിക്കാന്‍, അമ്മയുടെ മുന്നില്‍ വെച്ച് തന്നെ പെണ്‍കുട്ടിയെ പ്രതികള്‍ സമീപത്തെ കിണറ്റിലേക്ക് എറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിലും വെള്ളത്തില്‍ മുങ്ങിയുമാണ് ആ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.
പ്രതികള്‍ പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ തന്നെയാണെന്ന് കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്. പരിചിതരായവരില്‍ നിന്ന് തന്നെ ഇത്തരമൊരു ക്രൂരത നേരിടേണ്ടി വന്നത് ആ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. സംഭവത്തിന് പിന്നാലെ സരണ്‍ ജില്ലയില്‍ ജനരോഷം ആളിപ്പടരുകയാണ്. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധം ശക്തമായതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
നിലവില്‍ പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലായ മറ്റ് നാല് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അവര്‍ ഉടന്‍ തന്നെ വലയിലാകുമെന്നും പോലീസ് ഔദ്യോഗികമായി അറിയിച്ചു. ബിഹാറിലെ ക്രമസമാധാന നിലയെക്കുറിച്ചും സ്ത്രീകള്‍ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ക്ക് ഈ സംഭവം വീണ്ടും വഴിതുറന്നിരിക്കുകയാണ്. ഒരു കൊച്ചു പെണ്‍കുട്ടിയുടെ ജീവന്‍ അപഹരിച്ച ഈ കാമഭ്രാന്തന്മാര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍
