ബിസിനസ് തകര്‍ന്നതോടെ ഗള്‍ഫില്‍ വാപ്പ ജയിലിലാകുമെന്നു ഭയന്നു; കൂട്ടആത്മഹത്യക്കു തീരുമാനിച്ചിരുന്നു; ഉമ്മ പിന്മാറിയത് വേദനയായി; 'കൂടെ വരണ'മെന്ന് ഫര്‍സാനെയോടും ആവശ്യപ്പെട്ടു; അനുജനെ കൊന്നത് 'സ്നേഹക്കൂടുതല്‍'; അഫാന്റേത് അവിശ്വസനീയ കുറ്റസമ്മതം; വെഞ്ഞാറമൂട്ടില്‍ ഒന്നും ഉറപ്പിക്കാതെ പോലീസ്

Update: 2025-02-26 00:54 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ അഫാന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. കൂട്ട ആത്മഹത്യാശ്രമത്തില്‍ നിന്നു അമ്മ പിന്മാറിയതും വെഞ്ഞാറമൂട്ടിലെ കൂട്ടക്കുരുതിക്കു പ്രേരണയായെന്നാണ് മൊഴി. ഗള്‍ഫില്‍ പിതാവിന്റെ ബിസിനസ് തകര്‍ന്നതിനേത്തുടര്‍ന്നുണ്ടായ സാമ്പത്തികത്തകര്‍ച്ചയില്‍ സഹായിക്കാന്‍ മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും മടിച്ചു. പതിമൂന്നുകാരനായ സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയതു 'സ്നേഹക്കൂടുതല്‍' കൊണ്ടാണെന്നാണ് അഫാന്‍ പറയുന്നത്. അഫാന്റെ അമ്മ ഇപ്പോഴും ചികില്‍സയിലാണ്. അമ്മ ആരോഗ്യം വീണ്ടെടുത്ത ശേഷം പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയും. അപ്പോള്‍ മാത്രമേ ഈ മൊഴിയ്ക്ക് വ്യക്തത വരൂ. പതിയുടെ മൊഴി പൂര്‍ണവിശ്വാസത്തിലെടുക്കാതെ തുടരന്വേഷണം നടത്തും.

ബിസിനസ് തകര്‍ന്നതോടെ ഗള്‍ഫില്‍ വാപ്പ ജയിലിലാകുമെന്നു ഭയന്നുവെന്ന് അഫാന്‍ പറയുന്നു. അപമാനഭയവും സാമ്പത്തികത്തകര്‍ച്ചയില്‍നിന്നു കരകയറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതും കൊടുംക്രൂരതയ്ക്കു പ്രേരണയായി. കൂട്ടആത്മഹത്യക്കു കുടുംബം തീരുമാനിച്ചിരുന്നതായും ഇക്കാര്യം സുഹൃത്ത് ഫര്‍സാനയെ അറിയിച്ചിരുന്നതായും അഫാന്‍ വെളിപ്പെടുത്തി. 'കൂടെ വരണ'മെന്നു ഫര്‍സാനയോട് ആവശ്യപ്പെടുകയും ചെയ്തു. കടം വീട്ടാന്‍ പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, മുത്തശ്ശി സല്‍മാ ബീവി എന്നിവരോടു പണമാവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. താന്‍ മരിച്ചാല്‍ പ്രിയപ്പെട്ടവര്‍ ഒറ്റപ്പെടുമെന്നും കടം നല്‍കിയവര്‍ അവരെ വേട്ടയാടുമെന്നും ഭയന്നു. വിഷം കഴിച്ച് എല്ലാവരും ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍, അതില്‍നിന്നു മാതാവ് ഷമി പിന്മാറിയത് തനിക്കു സഹിക്കാനായില്ലെന്നും അഫാന്‍ മൊഴി നല്‍കി.

പണം നല്‍കാത്തതിലുള്ള വിരോധം മൂലമാണു ലത്തീഫിനെയും സജിതയേയും മുത്തശ്ശി സല്‍മയേയും കൊലപ്പെടുത്തിയത്. ഇവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, അതോടെ ജീവനുതുല്യം സ്നേഹിക്കുന്ന അനുജന്‍ അഫ്സാന്‍ ഒറ്റയ്ക്കാകുമെന്നു ഭയന്നു. കൂട്ടുകാരിയായ ഫര്‍സാനയേയും വിട്ടുപിരിയാനാവില്ലായിരുന്നു. അതിനാല്‍ അവരെക്കൂടി കൊലപ്പെടുത്താന്‍ തീരുമാനിച്ചു. പണമാണ് എല്ലാത്തിനും കാരണം. അതുകൊണ്ടാണ് അനുജനെ കൊലപ്പെടുത്തിയശേഷം അവനു ചുറ്റും രൂപ വിതറിയതെന്നും അഫാന്‍ പറഞ്ഞു. മദ്യമോ മയക്കുമരുന്നോ കൊലപാതകത്തിനു കാരണമല്ലെന്നാണു പോലീസ് നിഗമനം.

അഫാന്റെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചു കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്.പാങ്ങോട് എത്തി മുത്തശ്ശിയെ ആണ് ആദ്യം ആക്രമിച്ചതെന്ന അഫാന്റെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ആദ്യം അമ്മയെ ആക്രമിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകള്‍ നടത്തിയതെന്നു പോലീസ് പറയുന്നു. 6 മണിക്കൂറിനുള്ളില്‍ 5 കൊലപാതകങ്ങള്‍ നടത്തി. രാവിലെ ഉമ്മയെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിച്ചതെന്നാണ് നിഗമനം. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണമെന്നാണു സൂചനകള്‍. ഉമ്മയോട് അഫാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനാല്‍ ആക്രമിച്ചു.

അതിന് ശേഷം ഉമ്മയെ മുറിയില്‍ പൂട്ടിയിട്ട് വീട്ടില്‍ നിന്നിറങ്ങി. പിന്നീടായിരുന്നു 30 കിലോമീറ്റര്‍ സഞ്ചരിച്ചുള്ള മറ്റ് കൊലപാതകങ്ങള്‍. 1.15 മുത്തശ്ശി സല്‍മ ബീവിയെ ആക്രമിച്ചു. മുത്തശ്ശിയുടെ വീട്ടിലെത്തി വെറും ഏഴു മിനിറ്റിനകം കൃത്യം നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ അഫാന്‍ ഇവിടെ വരുന്നതിന്റേയും പോകുന്നതിന്റേയും സമയം അടക്കം സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മുത്തശ്ശിയില്‍ നിന്നും എടുത്ത സ്വര്‍ണവുമായി വെഞ്ഞാറമൂട് എത്തിയപ്പോള്‍ ബാപ്പയുടെ സഹോദരന്‍ ലത്തീഫ് ഫോണില്‍ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കിയെന്നു തെറ്റിദ്ധരിച്ചതോടെ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വെഞ്ഞാറമൂട് നിന്നാണ് ചുറ്റിക വാങ്ങിയത്. വൈകിട്ട് 3 മണിയോടെ ലത്തീഫിനെയും ഭാര്യയെയും ആക്രമിച്ചു. ചുറ്റികകൊണ്ടായിരുന്നു കൊലപാതകം. 4 മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി.

അവസാനം വീട്ടില്‍ വെച്ച് സഹോദരന്‍ അഫ്സാനെയും കൊന്നു. അനുജന്‍ പരീക്ഷ കഴിഞ്ഞു എത്തിയപ്പോള്‍ വീട് പൂട്ടി കിടക്കുകയായിരുന്നു. അയല്‍ വീട്ടില്‍ എത്തി ഉമ്മയെ അന്വേഷിച്ചു. ഉമ്മയുടെ ഫോണില്‍ വിളിച്ചപ്പോള്‍ അഫാനാണ് എടുത്തത്.പിന്നാലെ അവിടേക്ക് വന്നു അനുജന് ഭക്ഷണം വാങ്ങിക്കൊടുത്തു. അതിന് ശേഷം വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടില്‍ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനില്‍ പോയി കീഴടങ്ങി. തന്റെ ബൈക്ക് വേണ്ടെന്ന് വച്ച് ഓട്ടോ പിടിച്ചാണ് സ്റ്റേഷനിലേക്ക് പോയത്.

Tags:    

Similar News