'മകളുടെ ജീവന് ഭീഷണിയുണ്ട്; മറ്റൊരു മുറിയിലേക്ക് മാറിയിട്ടും പിന്തുടര്‍ന്ന് ആ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിക്കുന്നു'; അമ്മുവിന്റെ പിതാവ് ഒക്ടോബറില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ കോളജ് അധികൃതര്‍; നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അമ്മുവിന്റെ പിതാവ് ഒക്ടോബറില്‍ നല്‍കിയ പരാതി പുറത്ത്
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട സഹപാഠികള്‍ക്കെതിരെ അടക്കം പരാതി ലഭിച്ചിട്ടും കോളേജ് അധികൃതര്‍ അവഗണിച്ചതായി സൂചന. അമ്മുവിന്റെ മരണത്തിന് മുന്‍പ് ഒക്ടോബറില്‍ പിതാവ് കോളേജ് അധികൃതര്‍ക്ക് നല്‍കിയെന്ന് പറയുന്ന പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായ വിവരങ്ങളാണ് പരാതിലുള്ളത്.
മകളുടെ ജീവന് ഭീഷണിയുണ്ടെന്ന് പിതാവ് അന്നുതന്നെ പരാതിപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുത്ത അമ്മുവിന്റെ സഹപാഠികള്‍ക്കെതിരെ ഇതേ പരാതിയില്‍ ഗുരുതര ആരോപണങ്ങളാണ് പിതാവ് ഉന്നയിച്ചിരുന്നത്. ഇ- മെയില്‍ വഴിയാണ് അമ്മുവിന്റെ പിതാവ് സജീവ് കോളജിലേക്ക് പരാതി അയച്ചത്. എന്നാല്‍ കോളജ് അധികതര്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
ഹോസ്റ്റല്‍ ലീഡര്‍ അഞ്ജന ഉള്‍പ്പെടെ നിരന്തരം അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ പിതാവ് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഇവരുടെ പീഡനം സഹിക്കാതെ അമ്മു മറ്റൊരു മുറിയിലേക്ക് മാറിയിട്ടും ഇവര്‍ അമ്മുവിനെ വെറുതെ വിട്ടില്ല. റൂമിലെത്തി അമ്മുവിനെ ചീത്ത പറയുന്നതും ചെയ്യാത്ത കുറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും പതിവാണ്. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അത് തന്റെ മകളുടെ ജീവന് തന്നെ ഭീഷണിയാണെന്നും സജീവ് ഈ പരാതിയില്‍ അന്നേ സൂചിപ്പിച്ചിരുന്നു.
അമ്മുവിന്റെ പിതാവ് ഒക്ടോബര്‍ മാസം നല്‍കിയ പരാതിയുടെ പകര്‍പ്പാണ് പുറത്തുവന്നത്. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്നുപേര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികളായ മൂന്ന് പേരുടെയും വിശദീകരണ കുറിപ്പടക്കം കേസെടുക്കുന്നതിലും അറസ്റ്റ് നടപടികളിലും നിര്‍ണായകമായി. അറസ്റ്റിലായ പ്രതികളെ രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരെ കോടതിയില്‍ ഹാജരാക്കും.
പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. അമ്മുവിനെ സഹപാഠികള്‍ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ മൊഴി, കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ മൂവര്‍ക്കുമെതിരായ കണ്ടെത്തലുകള്‍, തെറ്റുകള്‍ ഏറ്റുപറഞ്ഞു പെണ്‍കുട്ടികള്‍ കോളേജില്‍ നല്‍കിയ വിശദീകരണക്കുറിപ്പ്, ആത്മഹത്യാക്കുറിപ്പിന് സമാനമായി അമ്മുവിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയ ക്വിറ്റ് എന്നെഴുതിയ കുറിപ്പ്, അമ്മുവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുമാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതില്‍ നിര്‍ണായകമായത്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കുമെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചത്. കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിച്ചാണ് സംഭവത്തില്‍ കുടുംബം രംഗത്ത് വന്നത്. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്‌നത്തില്‍ പരാതി നല്‍കിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ലെന്ന് കുടുംബം കുറ്റപ്പെടുത്തിയിരുന്നു.
അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കുടുംബം ആരോപിച്ചു. ഐ ക്വിറ്റ് എന്ന് പുസ്തകത്തില്‍ എഴുതിയതിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ല. ഫോണിന്റെ ലോക്ക് മാറ്റിയതിലും ദുരൂഹതയുണ്ട്. പൊലീസ് അന്വേഷണം കൃത്യമായ ദിശയിലെന്നും അച്ഛനും സഹോദരനും പ്രതികരിച്ചു. അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും.