വഴിയരികില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതില്‍ തര്‍ക്കം; മകളെ ട്യൂഷന് എത്തിച്ച ശേഷം മടങ്ങവെ യുവതിക്ക് നേരെ ആക്രമണം; കഴുത്തില്‍ വെട്ടാന്‍ വന്നപ്പോള്‍ തടഞ്ഞ യുവതിയുടെ ഇരുകൈകള്‍ക്കും വെട്ടേറ്റു; അയല്‍വാസിയായ അമ്മാവന്‍ ഒളിവില്‍; ലഹരിക്ക് അടിമയെന്ന് ബന്ധുക്കള്‍; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: സ്‌കൂട്ടര്‍ പാര്‍ക്കിംഗിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ കൈകള്‍ വെട്ടി അമ്മാവന്‍. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. സിന്ധുവെന്ന (35) യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ അമ്മാവന്‍ മണിക്കുട്ടനായി തെരച്ചില്‍ ആരംഭിച്ചു. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. മകളെ ട്യൂഷന്‍ സെന്ററില്‍ ആക്കിയശേഷം വീട്ടിലേക്കുള്ള വരുന്ന സമയത്താണ് മണിക്കുട്ടന്‍ സിന്ധുവിനെ ആക്രമിച്ചത്. സിന്ധുവിന്റെ കൈകളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
റോഡില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് സിന്ധുവിന്റെ വീട്. അവിടെ സ്‌കൂട്ടര്‍ വയ്ക്കാന്‍ കഴിയാത്തതിനാല്‍ മണിക്കുട്ടന്റെ വീടിന് അടുത്തുള്ള വഴിയിലാണ് സിന്ധു വണ്ടി വയ്ക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്.
ഇന്നും പതിവുപോലെ മകളെ ട്യൂഷന്‍ സെന്ററില്‍ ആക്കിയശേഷം സ്‌കൂട്ടര്‍ വഴിയരിക്കില്‍ വയ്ക്കുന്നതിനിടെയാണ് മണിക്കുട്ടന്‍ ആക്രമിച്ചത്. കഴുത്തില്‍ വെട്ടാന്‍ വന്നപ്പോള്‍ തടഞ്ഞതോടെയാണ് കൈകളില്‍ വെട്ടേറ്റത്. കൈയുടെ ഞരമ്പ് മുറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്തുവെച്ച് നിലവിളിച്ച സിന്ധു സമീപത്തെ വീട്ടില്‍ അഭയം തേടി. ഉടന്‍ തന്നെ നാട്ടുകാര്‍ വെഞ്ഞാറന്മൂടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സിന്ധുവിന്റെ അമ്മയുടെ സ്വന്തം സഹോദരനാണ് മണിക്കുട്ടന്‍. ഇയാള്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും ഇരുകുടുംബങ്ങളും തമ്മില്‍ മുന്‍പും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സിന്ധുവിന്റെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
ആക്രമണം നടത്തിയ ശേഷം കടന്നുകളഞ്ഞ അമ്മാവന്‍ മണിക്കുട്ടനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കിളിമാനൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സ്ഥിരമായി ടയറിന്റെ കാറ്റ് അഴിച്ചുവിടുകയും പഞ്ചറാക്കുകയും അമ്മാവന്‍ ചെയ്യാറുണ്ടെന്ന ആരോപണവും സിന്ധുവിന്റെ കുടുംബം ഉയര്‍ന്നിട്ടുണ്ട്.
